തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകൾ, ദേശീയതൊഴിലാളി ഫെഡറേഷൻ എന്നിവ ചേർന്ന് ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ബുധനാഴ്ച അർധരാത്രി തുടങ്ങും. വ്യാഴാഴ്ച അർധരാത്രി വരെയാണ് 24 മണിക്കൂർ പണിമുടക്ക്.
സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്.
പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക - വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത. കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ദേശീയ പണിമുടക്കിന് പിന്തുണയുമായി എസ്എഫ്ഐ; ഫെബ്രുവരി 12ന് പഠിപ്പുമുടക്ക് സമരം
തൊഴിലുകൾ നിർത്തിവച്ചും കടകമ്പോളങ്ങൾ അടച്ചും യാത്രകൾ ഒഴിവാക്കിയും വാഹനങ്ങൾ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. അധ്യാപകർക്ക് പുറമെ കേന്ദ്ര - സംസ്ഥാന ജീവനക്കാരും, ഇൻഷുറൻസ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ - യുവജന - വിദ്യാർഥി സംഘടനകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പണിമുടക്കിന് മുന്നോടിയായി തൊഴിലുടമകൾക്ക് ട്രേഡ് യൂണിയനുകൾ നോട്ടീസ് നൽകിയിട്ടുണ്ട്.
ബുധൻ അർധരാത്രി 12ന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴം രാത്രി പന്ത്രണ്ടുവരെ തുടരും. പണിമുടക്കിൻ്റെ ഭാഗമായി രാജ്യമെമ്പാടും ആയിരത്തിലധികം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും. സംസ്ഥാനത്ത് അഞ്ഞൂറ് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും. തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി - വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉയർത്തിയിട്ടുണ്ട്.