പൊതുവിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഒമ്പതാം ക്ലാസ് കുട്ടികൾക്ക് രണ്ടുദിവസത്തെ സഹവാസ ക്യാമ്പിന് കോട്ടക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ഇന്ന് തുടക്കം കുറിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ കൈറ്റിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുമായി സംഘടിപ്പിക്കപ്പെടുന്ന ഈ ക്യാമ്പിൽ മലപ്പുറം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 104 കുട്ടികൾക്ക് കൈറ്റ് മാസ്റ്റർ ട്രൈനർമാർ പരിശീലനം നൽകും.
കുട്ടികളുടെ അഭിരുചികൾക്കനുസരിച്ചു അനിമേഷൻ പ്രോഗ്രാമിങ് എന്നിങ്ങനെ റേഞ്ച് മേഖലകളിലെ നൂതന സങ്കേതങ്ങളുടെ പരിശീലനമാണ് നൽകുന്നത് . ഭൂമിയിലിരുന്നു നിയന്ത്രിക്കുന്ന അത്യധുനിക സാങ്കേതിക വിദ്യയുടെ മാതൃകയിൽ വിദൂരനിയന്ത്രിത റോവർ നിർമ്മാണമുൾപ്പെടെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു എന്നതാണ് ക്യാമ്പിന്റെ പ്രത്യേകത. കൂടാതെ ബ്ലെൻഡർ സോഫ്ട്‍വെയർ ഉപയോഗിച്ച് ത്രിമാന അനിമേഷൻരൂപങ്ങളുടെ മോഡലിംഗ്, പ്രമോവീഡിയോ നിർമ്മാണം എന്നിവയിലും ക്ലാസുകൾ നൽകുന്നു.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയനവർഷം മുതൽ റോബോട്ടിക് പരിശീലനവും അതിന്റെ പരീക്ഷയും വിദ്യാർഥികൾക്ക് നിലവിൽ വന്ന പശ്ചാത്തലത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൂടുതൽ അഡ്വാൻസ്ഡ് ആയ റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കുന്നതിന്റെ വിതരണോൽഘാടനവും ഇതോടൊപ്പം നടന്നു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ അൻവർ സാദത് കെ ക്യാമ്പുകൾ ഉൽഘാടനം ചെയ്യുകയും വിവിധ ജില്ലകളിൽ നിന്നുമുള്ള ക്യാമ്പഗങ്ങളുമായി ഓൺലൈനായി സംവദിക്കുകയും ചെയ്തു. മലപ്പുറം കൈറ്റ് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് ഷെരീഫ് കെ, മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.