കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച നാലാമത് എ.കെ.എം സോക്കർ കപ്പ് ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ എൽ.പി വിഭാഗത്തിൽ ജി.യു.പി.എസ് പൊന്മളയും യു.പി വിഭാഗത്തിൽ എ.കെ.എം എച്ച്.എസ്.എസ് കോട്ടൂരും ചാമ്പ്യൻമാരായി.
ആവേശകരമായ ഫൈനൽ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇരുവിഭാഗങ്ങളിലും പുറത്തെടുത്തത്:
എൽ.പി വിഭാഗം: ജി.യു.പി.എസ് പൊന്മള ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എ.എൽ.പി.എസ് വില്ലൂരിനെ പരാജയപ്പെടുത്തി കിരീടം നേടി.യു.പി വിഭാഗം: ആതിഥേയരായ എ.കെ.എം എച്ച്.എസ്.എസ് കോട്ടൂർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജി.യു.പി.എസ് പൊന്മളയെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ഇരു വിഭാഗങ്ങളിലായി നാൽപതോളം ടീമുകൾ പങ്കെടുത്തു.
വിജയികൾക്കുള്ള ട്രോഫികൾ സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി വിതരണം ചെയ്തു. എസ്.എം.സി ചെയർമാൻ എം. മുഹമ്മദ് ഹനീഫ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ. സൈബുന്നീസ, ഡെപ്യൂട്ടി എച്ച്.എം കെ. സുധ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അധ്യാപകരായ എൻ. വിനീത, പി. ഷമീർ, കെ. ജൗഹർ, കെ. ഷഹല, പി. ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.