മലപ്പുറം: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർത്ത പി.എസ്.എസ് (PSS) ക്ലബ്ബ് പുഴച്ചാലിനെ ഹോപ്പ് ഫൗണ്ടേഷൻ ആദരിച്ചു. ഹോപ്പ് ഫൗണ്ടേഷൻ്റെ വിവിധ പദ്ധതികൾക്കായി ക്ലബ്ബ് സംഘടിപ്പിച്ച 'സിമൻ്റ് ചലഞ്ച്' വഴി സമാഹരിച്ച 1,65,000 രൂപ ഫൗണ്ടേഷന് കൈമാറിയിരുന്നു. ഈ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ആദരം നൽകിയത്.
ഹോപ്പ് ഫൗണ്ടേഷൻ ജനറൽ ബോഡി യോഗത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഫൗണ്ടേഷൻ ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പി.എസ്.എസ് മുഖ്യ രക്ഷാധികാരി ഇ.കെ സൈദുവിന് ഉപഹാരം (സർട്ടിഫിക്കറ്റ്) കൈമാറി.
നാടിൻ്റെ നന്മയ്ക്കായി കായികത്തിനൊപ്പം തന്നെ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പി.എസ്.എസ് ക്ലബ്ബിൻ്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഫൗണ്ടേഷൻ്റെയും ക്ലബ്ബിൻ്റെയും പ്രധാന ഭാരവാഹികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.