തേഞ്ഞിപ്പലം: പുസ്തകത്താളുകളിലെ പച്ചപ്പിനേക്കാൾ വലിയൊരു പാഠപുസ്തകമാണ് പ്രകൃതിയെന്ന് തിരിച്ചറിഞ്ഞ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് കുട്ടികൾക്കായി 'പ്രകൃതി നടത്തം' സംഘടിപ്പിച്ചു.
തേഞ്ഞിപ്പലത്തെ പച്ചപ്പാർന്ന കുഴിമ്പാട്ട് പാടശേഖരത്തിലൂടെയായിരുന്നു ഈ വിജ്ഞാനയാത്ര. പാടവരമ്പുകളിലൂടെ നടന്ന് നെൽക്കൃഷിയുടെ രീതികളും ജൈവവൈവിധ്യത്തിന്റെ അത്ഭുതങ്ങളും കുട്ടികൾ നേരിൽ കണ്ടു. കർഷകൻ ഒ. പരമേശ്വരനുമായി നടത്തിയ സംവാദം കുട്ടികൾക്ക് പുതിയൊരു അനുഭവമായി മാറി. കൃഷി അറിവുകളും മണ്ണിനെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പകർന്നു നൽകി.
തുടർന്ന് നടന്ന പരിസ്ഥിതി സംരക്ഷണ സംഗമം മുൻ ഹെഡ്മിസ്ട്രസ് പി. രാധ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയുടെ കടമയാണെന്ന് അവർ ഓർമ്മിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ജയശ്രീ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേന കോർഡിനേറ്റർ പി. മുഹമ്മദ് ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ലീഡർ എ. ആദിവിന്റെ നേതൃത്വത്തിൽ നടന്ന യാത്രയിൽ അധ്യാപകരായ കെ. അമ്പിളി, പി. ഷൈജില, വി. ലാൽ കൃഷ്ണ, എ. ദീപു എന്നിവർ സംസാരിച്ചു.
പ്രകൃതിയോട് ഇണങ്ങിച്ചേരാനും കൃഷിയെ നെഞ്ചേറ്റാനും പ്രചോദനം നൽകിക്കൊണ്ടാണ് ഈ വേറിട്ട യാത്ര സമാപിച്ചത്.