മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനെത്തിയ യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന പ്രതി പിടിയിലായി. പാലക്കാട് നെന്മാറ സ്വദേശി ഷംസുദ്ദീൻ ആണ് പോലീസിന്റെ പിടിയിലായത്. തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
മോഷണം നടന്നത് ഇങ്ങനെ
രാങ്ങാട്ടൂർ സ്വദേശി അബൂബക്കർ എന്ന കുഞ്ഞുട്ടിയുടെ ഫോണാണ് മോഷണം പോയത്. വൈകുന്നേരത്തെ നമസ്കാരത്തിനിടെ ഫോൺ പിന്നിൽ വെച്ച് നിസ്കരിക്കുകയായിരുന്നു ഇദ്ദേഹം. ഈ സമയം പ്രതി ഫോണുമായി കടന്നുകളയുകയായിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
കുടുക്കിയത് കടക്കാരുടെ ജാഗ്രത
മോഷണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മോഷ്ടിച്ച ഫോൺ വിൽക്കാനായി പ്രതി തിരൂരിലെ ഒരു മൊബൈൽ ഷോപ്പിലെത്തിയപ്പോഴാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിലെ പ്രതിയെ തിരിച്ചറിഞ്ഞ കടയിലെ ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.