മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് ആശ്വാസമായി എം.ആർ.ഐ സ്‌കാനിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. 10.10 കോടി രൂപ ചെലവിൽ സജ്ജമാക്കിയ അത്യാധുനിക യൂണിറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30-ന് ആരോഗ്യ വകുപ്പ് മന്ത്രി ഓൺലൈനായി നിർവഹിക്കും.
മലപ്പുറം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇതാദ്യമായാണ് എം.ആർ.ഐ സ്‌കാനിംഗ് സംവിധാനം നിലവിൽ വരുന്നത്. ഇതോടെ രോഗികൾക്ക് പരിശോധനയ്ക്കായി സ്വകാര്യ ലാബുകളെയും വലിയ സാമ്പത്തിക ഭാരത്തെയും ആശ്രയിക്കേണ്ടി വരില്ല.
പക്ഷാഘാതം, വിവിധ ട്യൂമറുകൾ, നട്ടെല്ലിലെയും ലിഗ്മെന്റിലെയും പരിക്കുകൾ, ക്യാൻസർ തുടങ്ങിയവയുടെ രോഗനിർണ്ണയം ഇനി മെഡിക്കൽ കോളേജിൽ തന്നെ വേഗത്തിൽ നടത്താനാകും. ഹോളോ ബോഡി സ്‌കാനിംഗ് സൗകര്യമുള്ള ഈ യൂണിറ്റിൽ തുടക്കത്തിൽ രണ്ട് ഷിഫ്റ്റുകളിലായി ദിവസം 15 പേർക്ക് വീതം പരിശോധന നടത്താനാണ് ക്രമീകരണം.
ട്രയൽ റണ്ണിന് ശേഷമായിരിക്കും പൂർണ്ണതോതിൽ രോഗികൾക്ക് സേവനം ലഭ്യമാകുക. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പ്രൊഫസർ ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മറ്റ് മെഡിക്കൽ കോളേജുകളിലേതു പോലെ കുറഞ്ഞ സർക്കാർ നിരക്കിലായിരിക്കും ഇവിടെയും പരിശോധന.
എം.ആർ.ഐ യൂണിറ്റിനൊപ്പം 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സ്ട്രോക്ക് ഐ.സി.യുവും, 12 ലക്ഷം രൂപയുടെ ലാക്റ്റേഷൻ മാനേജ്‌മെന്റ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്യും. പക്ഷാഘാതം ബാധിച്ചവർക്ക് ആദ്യ മണിക്കൂറുകളിൽ നൽകേണ്ട അടിയന്തര ചികിത്സയും ത്രോമ്പോലൈസിസ് സൗകര്യവും എം.ആർ.ഐയുമായി സംയോജിപ്പിച്ചാണ് നൽകുന്നത്.
മുലയൂട്ടൽ വെല്ലുവിളി നേരിടുന്ന അമ്മമാർക്ക് കൗൺസിലിംഗും മുലപ്പാൽ ശേഖരണവും ഉറപ്പാക്കുന്ന ലാക്റ്റേഷൻ സെന്റർ നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിൽ നിർണ്ണായകമാകും.