വേങ്ങര: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പാലം പണിയെത്തുടർന്ന് കൂരിയാട് ഭാഗത്ത് കടലുണ്ടിപ്പുഴയുടെ കരയിടിച്ചിൽ അതിരൂക്ഷമാകുന്നു. കാലങ്ങളായി തുടരുന്ന പ്രശ്നം പാലം പണി തുടങ്ങിയതോടെ നിയന്ത്രണാതീതമായിരിക്കുകയാണ്. ഇനിയൊരു മഴക്കാലത്തിന് മുൻപെങ്കിലും സംരക്ഷണ ഭിത്തി നിർമിച്ച് തങ്ങളുടെ കിടപ്പാടം സംരക്ഷിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
ഒഴുക്ക് തടസ്സപ്പെട്ടു; കൃഷിയിടങ്ങൾ പുഴയിലേക്ക്
പാലത്തിന്റെ തൂണുകൾക്കായി എടുത്ത മണ്ണ് പുഴയിൽ തന്നെ കൂട്ടിയിട്ടത് ഒഴുക്ക് തടസ്സപ്പെടാൻ കാരണമായി. ഇതോടെ പുഴ ഗതിമാറി കരയിലേക്ക് അടിച്ചുകയറുകയാണ്. കഴിഞ്ഞ മഴക്കാലത്ത് വിളക്കീരി കുറ്റിപ്പുറത്ത് ഗോപാലകൃഷ്ണൻ, ലക്ഷ്മിക്കുട്ടി എന്നിവരുടെ ഇരുന്നൂറ് മീറ്ററോളം വരുന്ന പുരയിടമാണ് പുഴയെടുത്തത്. തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ള കൃഷികളും കുടുംബശ്മശാനവും ഇതിനോടകം പുഴയിലേക്ക് ഇടിഞ്ഞുപോയി.
വീടുകൾ അപകടഭീഷണിയിൽ
നിലവിൽ പല വീടുകളുടെയും തറയടക്കം അപകടത്തിലായ നിലയിലാണ്. ഇതേത്തുടർന്ന് കുടുംബങ്ങൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. അധികൃതർ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടികൾ ഉറപ്പുനൽകിയെങ്കിലും പ്രായോഗികമായ നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയൊരു കാലവർഷം കൂടി എത്തുന്നതിന് മുൻപ് ശാശ്വതമായ പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.