വേങ്ങര: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരുന്നതിന് മുൻപേ വേങ്ങര മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കമിട്ട് സ്വതന്ത്ര സ്ഥാനാർത്ഥി. മമ്പുറം സ്വദേശി ചെമ്പൻ അബ്ദുൽ റഫീഖാണ് വികസന മുദ്രാവാക്യമുയർത്തി രാഷ്ട്രീയ ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. മുന്നണികൾ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കുന്നതേയുള്ളൂ എന്നരിക്കെ, മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അബ്ദുൽ റഫീഖിന്റെ പ്രചാരണ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
വികസന മുരടിപ്പ് പ്രധാന ആയുധം
മാറി മാറി വന്ന സർക്കാരുകളോ പ്രതിനിധികളോ വേങ്ങരയുടെ വികസന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നാണ് റഫീഖിന്റെ പ്രധാന ആരോപണം. കാലത്തിനൊത്ത മാറ്റങ്ങൾ മണ്ഡലത്തിൽ ദൃശ്യമല്ലെന്നും പഴയകാലത്തെ സ്കൂളുകളും ആശുപത്രികളും മാത്രമാണ് ഇപ്പോഴും ആശ്രയമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
"നിലവിൽ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല. വേങ്ങരയിൽ യഥാർത്ഥ വികസനം ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ എനിക്ക് പിന്തുണയുമായി കൂടെയുണ്ട്. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കും," - അബ്ദുൽ റഫീഖ് വ്യക്തമാക്കി.
പാർട്ടികളുടെ പിൻബലമില്ലാതെ വികസനം മാത്രം മുൻനിർത്തി ജനവിധി തേടാനൊരുങ്ങുന്ന ഈ മമ്പുറം സ്വദേശിയുടെ സാന്നിധ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കും.