കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂരിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ പിവി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് സണ്ണി ജോസഫ് ഇക്കാര്യം പറഞ്ഞത്.
ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അൻവറിൻ്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ പിവി അൻവർ മണ്ഡലത്തിൽ സജീവമായിരുന്നു. അനൗപചാരിക പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.
ലീഗ് നേതാവ് എംസി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി. ഇന്ന് രാവിലെ ബേപ്പൂരിലെ ചാലിയം ഹാർബർ അൻവർ സന്ദർശിച്ചിരുന്നു. കേരളത്തിലും ബേപ്പൂരിലും എൽഡിഎഫിനെതിരെ സുനാമി അടിക്കുമെന്ന് പിവി അൻവർ പറഞ്ഞു. മത്സ്യതൊഴിലാളികളുമായും അദ്ദേഹം സംവദിച്ചു.ബേപ്പൂരിൽ അൻവറിനായി ഫ്‌ളക്‌സും ബോർഡുകളും സ്ഥാപിച്ചിട്ടുമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. റിയാസിനെതിരെ കടുത്ത വിമർശനങ്ങളാണ് അൻവർ ഉന്നയിക്കുന്നത്.മരുമോനായതിൻ്റെ ലഹരിയിലാണ് മുഹമ്മദ് റിയാസ്, വികസനം ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെട്ടാൽ പിന്നെ ജാഥയുടെ ആവശ്യമില്ല, എംവി ഗോവിന്ദന്റെ വികസന ജാഥ മറ്റൊരു തട്ടിപ്പാണ്. യുഡിഎഫിൻ്റെ പുതുയുഗയാത്രയിലൂടെ എംവി ഗോവിന്ദൻ്റെ ജാഥയിലെ അവകാശവാദങ്ങൾ പൊളിയും എന്നും പിവി അൻവർ പറഞ്ഞു.