മലപ്പുറം: മലപ്പുറത്ത് മൂന്ന് പെൺകുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മ. 5, 6, 11 വയസുള്ള കുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച് പരുക്കേൽപ്പിച്ചത്. കേസിൽ ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യ്‌തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.
ഇവർ വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ഥലത്തെ തൊട്ടടുത്തുള്ള കടയിൽ ഭക്ഷണം ചോദിച്ച് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് നാട്ടുകാർ കണ്ടത്. ക്രൂരതയുടെ വിവരങ്ങൾ പുറത്തറിഞ്ഞതോടെ നാട്ടുകാർ ഉടൻ തന്നെ അരീക്കോട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെയും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു.
ഇതിന് മുൻപും രണ്ടാനമ്മ ഷീല ദേവി കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഷീല ദേവിയും ഭർത്താവ് രാജേഷ് ശർമയും മലപ്പുറത്തുള്ള ഒരു ഫർണീച്ചർ കടയിൽ ജോലി ചെയ്യുകയാണ്. മൂന്ന് വർഷമായി ഇവർ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. രാജേഷ് ശർമയുടെ ആദ്യ വിവാഹത്തിലെ കുട്ടികളാണ്ഇവർ. രാജേഷ് ശർമയുടെ അറിവോടുകൂടിയാണ് രണ്ടാനമ്മ കുട്ടികളെ പൊള്ളലേൽപിച്ചതെന്നാണ് വിവരം.