മേലേ ചേളാരിയിൽ ദേശീയപാത എൻട്രിക്കടുത്ത് എക്സിറ്റിനുകാത്ത് അപകടം സൃഷ്ടിക്കുന്ന വിധം വാഹനങ്ങൾ നിർത്തിയതിന് സ്വകാര്യ ബസും കാറും തേഞ്ഞിപ്പലം പൊലീസ് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ കറുത്തേടത്ത് പിടിച്ചെടുത്തു. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഇതു സംബന്ധിച്ച് പ്രഥമ വിവര റിപ്പോർട്ടും നൽകി. കോടതി അനുവദിക്കുന്ന മുറയ്ക്കേ ഇനി ഉടമകൾക്ക് വാഹനം തിരികെ ലഭിക്കൂ. രണ്ട് വാഹന ഡ്രൈവർമാർക്ക് എതിരെയും കേസെടുത്തതായും പൊലീസ് പറഞ്ഞു.
സർവീസ് റോഡിൽ നിന്ന് കോഴിക്കോട് ദിശയിലേക്ക് എൻട്രി പോയിന്റുള്ള ഭാഗത്ത് അനധികൃതമായി എക്സിറ്റ് നടത്താനായി അവസരം കാത്ത് സർവീസ് റോഡിൽ നിർത്തിയിട്ടെന്നതിനാണ് ബസ് ഡ്രൈവർക്ക് എതിരെ കേസ്. ഇതേ രീതിയിൽ വഴി മാറി ഓടാൻ കാത്തുകിടന്നതാണ് കാർ ഡ്രൈവർക്കും കുരുക്കായത്. ആ കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചതിനെത്തുടർന്നാണ് പൊലീസ് ഇടപെടൽ. നിർത്തിയിട്ട കാർ ഡ്രൈവർക്ക് എതിരെയാണ് കേസ്. തൃശൂർ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസാണ് പിടിച്ചെടുത്തത്.
സർവീസ് റോഡിൽ അനധികൃതമായി പ്രവേശിക്കാൻ ഊഴം കാത്ത് ബസും കാറും കിടക്കുന്നതും ആറുവരിപ്പാത വഴിയുള്ള മറ്റ് വാഹനങ്ങൾ സുഗമ യാത്രയ്ക്ക് തന്മൂലം പ്രയാസം നേരിട്ടതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബോധ്യമായതു കൂടി കണക്കിലെടുത്താണ് പൊലീസിന്റെ കർശന നടപടി. എൻഎച്ചിൽ എക്‌സിറ്റ് വഴി എൻട്രിയും എൻട്രി വഴി എക്സിറ്റും നടത്തിയാൽ വാഹന ഡ്രൈവർമാർക്ക് എതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ കറുത്തേടത്ത് പറഞ്ഞു. വീഴ്ച വരുത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് തുടർന്നും കോടതിക്ക് കൈമാറും. വാഹന പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളും എടുക്കും.
ഹൈവേയിൽ സിസിടിവി ക്യാമറകൾ പ്രവർത്തന സജ്ജമാണ്. ക്രമ വിരുദ്ധമായ സർവീസ് ആര് നടത്തിയാലും ദൃശ്യങ്ങൾ ലഭ്യവുമാണ്. ആറുവരിപ്പാതയിൽ അനധികൃത പാർക്കിങ് ഒരു നിലയ്ക്കും അനുവദിക്കില്ല. വൺവേ അടിസ്ഥാനത്തിലുള്ള റോഡിൽ ട്രാഫിക് നിയമം ലംഘിച്ച് അപകടം സൃഷ്ടിച്ചാൽ പരമാവധി ശിക്ഷ ഉറപ്പാക്കാൻ പാകത്തിൽ കേസുണ്ടാകുമെന്നും വാഹന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.