എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാൻ ജില്ലയിൽ ഒരുക്കം പൂർത്തിയായതായി എൽഡിഎഫ് ജില്ലാകമ്മിറ്റി അറിയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്യാപ്റ്റനായ ജാഥ ഒമ്പത് മുതൽ 14 വരെ ജില്ലയിൽ പര്യടനം നടത്തും. ദിവസവും രാവിലെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ പ്രതിനിധികളുമായി ജാഥാക്യാപ്റ്റൻ സംവദിക്കും.
ജില്ലയിൽ 16 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം യുഡിഎഫിന്റെ വർഗീയ കൂട്ടുകെട്ടും കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികളും വര്‍ഗീയനയങ്ങളും തുറന്നുകാട്ടും.
ജില്ലയുടെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ജനങ്ങളെ ഒരുമനസ്സായി അണിനിരത്തി വർഗീയ പ്രതിലോമ രാഷ്‌ട്രീയത്തെ നേരിടും. അതിന്റെ പ്രഖ്യാപനമായി ജാഥാ സ്വീകരണങ്ങൾ മാറും.
കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് ഒമ്പതിന് ജാഥ ജില്ലയിൽ പ്രവേശിക്കുന്നത്. പകൽ മൂന്നിന് വള്ളിക്കുന്ന് മണ്ഡലത്തിലെ തലപ്പാറയിലാണ് ആദ്യ സ്വീകരണം. വൈകിട്ട് നാലിന് വേങ്ങര മണ്ഡലത്തിലെ സബാഹ് സ്‌ക്വയറിലെ സ്വീകരണ ശേഷം അഞ്ചിന് മലപ്പുറം കോട്ടപ്പടിയിൽ സമാപിക്കും.
10ന് രാവിലെ 10ന് കൊണ്ടോട്ടിയില്‍ തുടങ്ങും. പകൽ മൂന്നിന് ഏറനാട് മണ്ഡലത്തിലെ അരീക്കോടാണ് സ്വീകരണം, നാലിന് നിലമ്പൂര്‍ ചന്തക്കുന്നിൽ. അഞ്ചിന് വണ്ടൂരില്‍ സമാപിക്കും. 11ന് രാവിലെ 10ന് മഞ്ചേരിയില്‍ തുടങ്ങി പകൽ മൂന്നിന് മങ്കട അങ്ങാടിപ്പുറത്തും നാലിന് പെരിന്തല്‍മണ്ണ കോടതിപ്പടിയിലും സ്വീകരണ ശേഷം വൈകിട്ട് അഞ്ചിന് കോട്ടക്കൽ മണ്ഡലത്തിലെ വളാഞ്ചേരിയിൽ സമാപിക്കും.
പൊതു പണിമുടക്കായതിനാൽ 12ന് പര്യടനമില്ല. 13ന് രാവിലെ 10ന് തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോടാണ് തുടക്കം. പകൽ മൂന്നിന് താനൂര്‍, നാലിന് തിരൂര്‍ സെൻട്രൻ ജങ്ങ്ഷൻ ഗ്രൗണ്ട്, വൈകിട്ട് അഞ്ചിന് പൊന്നാനി കുണ്ടുകടവ് ജങ്‌ഷനിലാണ് സമാപനം. 14ന് രാവിലെ 10ന് ജില്ലയിലെ അവസാനകേന്ദ്രമായ തവനൂർ മണ്ഡലത്തിലെ എടപ്പാളിലെ സ്വീകരണത്തിന് ശേഷം ജാഥ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.
ജാഥാ ക്യാപ്‌റ്റനുപുറമെ കെ എസ് സലീഖ (സിപിഐ എം), പി സന്തോഷ് കുമാര്‍ എംപി (സിപിഐ), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ് എം), പി പി ദിവാകരന്‍ (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), അഡ്വ. പി എം സുരേഷ് ബാബു (എന്‍സിപി), മനയത്ത് ചന്ദ്രന്‍ (ആര്‍ജെഡി), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), വടകോട് മോനച്ചന്‍ (കേരള കോണ്‍ഗ്രസ് ബി), അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), അഡ്വ. നൈസ് മാത്യു (കേരള കോണ്‍ഗ്രസ് സ്കറിയ) എന്നിവര്‍ ജാഥാംഗങ്ങളാണ്.