മഅദിൻ റംസാൻ 27-ാം രാവ് പ്രാർഥനാസമ്മേളനം: ഒരുക്കങ്ങൾ സജീവമായി; ലക്ഷങ്ങൾ സംഗമിക്കും

മലപ്പുറം: റംസാൻ 27-ാം രാവായ മാർച്ച് 16-ന് മഅദിൻ അക്കാദമി കാമ്പസിൽ നടക്കുന്ന വിപുലമായ പ്രാർഥനാസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ സംഗമിക്കാനെത്തുമെന്ന് സ്വാഗതസംഘം വർക്കിങ് കോഡിനേറ്റർ പി.എം. മുസ്തഫ കോഡൂർ അറിയിച്ചു.

വിപുലമായ സൗകര്യങ്ങൾ
സമ്മേളനത്തിനായി മഅദിൻ അക്കാദമിയിലെ പ്രധാന വേദിക്ക് പുറമേ പരിസരത്തെ വിവിധ ഗ്രൗണ്ടുകളും ഓഡിറ്റോറിയങ്ങളും സജ്ജീകരിക്കും. മഅദിൻ ഗ്രാൻഡ് മസ്ജിദിലും ഓൾഡ് മസ്ജിദിലുമായി ആയിരക്കണക്കിന് ഇഅതികാഫ് ഇരിക്കുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

• ഭക്ഷണം: നോമ്പുതുറയ്ക്കും അത്താഴത്തിനുമായി ഇത്തവണ കൂടുതൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഇഫ്താറിനായി വെജ്, നോൺ-വെജ് കൗണ്ടറുകൾ പ്രത്യേകമായി ഉണ്ടാകും.

• സന്നദ്ധ സേവനം: തിരക്ക് നിയന്ത്രിക്കാനും വിശ്വാസികളെ സഹായിക്കാനുമായി 5555 അംഗ സന്നദ്ധസേവകരെ നിയോഗിച്ചിട്ടുണ്ട്.

• ആരോഗ്യം: മഅദിൻ ഹോസ്‌പൈസിന് കീഴിൽ പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കും.

പ്രത്യേക പരിപാടികൾ
ലഹരിക്കെതിരായ ബോധവൽക്കരണവും പ്രതിജ്ഞയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. മിംഹാറിന് (മഅദിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് റിഹാബിലിറ്റേഷൻ) കീഴിൽ ജനങ്ങൾക്ക് ബോധവൽക്കരണ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. റംസാൻ അവസാന പത്തിൽ ഖത്‌മുൽ ഖുർആൻ, കർമശാസ്ത്ര പഠനം, ആത്മീയ മജ്‌ലിസുകൾ എന്നിവയും മഅദിൻ ഗ്രാൻഡ് മസ്ജിദിൽ നടക്കും.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സയ്യിദ് അതാഉല്ലാ തങ്ങൾ മഞ്ചേശ്വരം നിർവഹിച്ചു. 

സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. പി.എം. മുസ്തഫ കോഡൂർ, പി.പി. മുജീബുറഹ്‌മാൻ വടക്കേമണ്ണ തുടങ്ങി വിവിധ സംഘടനാ നേതാക്കളും അക്കാദമി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് നാലിന് മഅദിൻ കാമ്പസിൽ പ്രാസ്ഥാനിക സംഗമവും നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}