പുത്തൂർ: ആരോഗ്യ സംരക്ഷണ രംഗത്ത് സജീവ സാന്നിധ്യമായ Mec7 ഹെൽത്ത് ക്ലബ്ബ് പുത്തൂർ യൂണിറ്റിൻ്റെ ഒന്നാം വാർഷികാഘോഷം പ്രൗഢമായി നടന്നു. പുത്തൂർ ബൈപാസിലെ കിഡ്‌സോ (KIDZO) പാർക്കിന് സമീപമുള്ള ഗ്രൗണ്ടിൽ നടന്ന ആഘോഷപരിപാടികൾ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എ.കെ. മെഹ്‌നാസ് ഉദ്ഘാടനം ചെയ്തു.
രാവിലെ 6:30ന് Mec7 ഫൗണ്ടർ ക്യാപ്റ്റൻ (Retd) ഡോ. സലാഹുദ്ദീൻ്റെ നേതൃത്വത്തിൽ 250-ഓളം അംഗങ്ങൾ ഒത്തുചേർന്ന് നടത്തിയ വിപുലമായ വ്യായാമ പ്രകടനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വ്യായാമത്തിലൂടെ ശാരീരിക-മാനസികാരോഗ്യം വീണ്ടെടുക്കുന്നതിൻ്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ സംഗമം.
തുടർന്ന് നടന്ന ഔപചാരിക ചടങ്ങിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് മെംബറും Mec7 ട്രൈനറുമായ എം.കെ. നാസർ അധ്യക്ഷത വഹിച്ചു. ഡോ. സലാഹുദ്ദീൻ ആമുഖ പ്രഭാഷണവും Mec7 ബ്രാൻഡ് അംബാസഡർ ഡോ. അറക്കൽ ബാവ മുഖ്യപ്രഭാഷണവും നടത്തി. ഡോ. ഇസ്‌മാഈൽ കുരുണിയൻ, ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ ബാപ്പു തേഞ്ഞിപ്പലം, സൈക്കോളജിസ്റ്റ് ആൻഡ് ഹാപ്പിനസ്സ് കോച്ച് ഡോ. ഖാദർ, Mec7 ദുബായ് ചീഫ് ട്രൈനർ മുഹമ്മദ് സൈദ്, വാർഡ് മെംബർമാരായ സജ്ന കൊല്ലേത്ത്, സാജിദ ഇസ്മാഈൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
വാർഷികാഘോഷത്തോടനുബന്ധിച്ച് പുത്തൂർ യൂണിറ്റിലെ മുതിർന്ന അംഗങ്ങളെയും ട്രൈനർമാരെയും ആദരിച്ചു. കൂടാതെ അയൽ പ്രദേശങ്ങളിലെ നാല് യൂണിറ്റുകളിലെ കോഓർഡിനേറ്റർമാർക്കും പരിപാടിയുമായി സഹകരിച്ച കോട്ടക്കൽ കോഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ ചോലക്കൽ അബ്ദുൽ കരീം, വേദി അനുവദിച്ച കിഡ്‌സോ പാർക്ക് എം.ഡി ഫിറോസ് കറുമണ്ണിൽ എന്നിവർക്കും ഉപഹാരങ്ങൾ നൽകി.
മുഹമ്മദ് ഷാ, ലത്വീഫ്, ബാവ, സൈദലവി എം.കെ, മുഹമ്മദ് കുട്ടി, അഷ്‌റഫ് തൗക്കൻ, സുലൈഖ പരവക്കൽ, ബാനു, കുഞ്ഞുട്ടി തങ്ങൾ, മൊയ്തീൻ പി.സി, ബഷീർ, ഹുസൈൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹംസക്ക, ബാനു എന്നിവർ ആലപിച്ച ഗാനങ്ങൾ ആഘോഷത്തിന് മിഴിവേകി. പുത്തൂർ യൂണിറ്റ് ചീഫ് കോഓർഡിനേറ്റർ ഇസ്‌ഹാഖ് പൂക്കാട്ടിൽ സ്വാഗതവും ട്രൈനർ ബാബു ശിൽപി നന്ദിയും പറഞ്ഞു.