വേങ്ങര: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വേങ്ങര ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിൽ പുതിയ കുടുംബശ്രീ അയൽക്കൂട്ടം രൂപീകരിച്ചു. 'ഉദയം' എന്ന പേരിൽ നിലവിൽ വന്ന അയൽക്കൂട്ടത്തിന്റെ ഉദ്ഘാടനവും വാർഡ് പരിധിയിലെ ശ്രദ്ധേയരായ വനിതകളെ ആദരിക്കുന്ന ചടങ്ങും വാർഡ് മെമ്പറുടെ വസതിയിൽ വെച്ച് നടന്നു.
മെഹന്ദി കലാരംഗത്തെ സജീവ സാന്നിധ്യവും 'റെക്കോർഡ് ഓഫ് ബുക്ക്' ജേതാവുമായ ISA Henna Art Studio ഉടമ സജ്‌ന ഇസ്മായിലിനെ ചടങ്ങിൽ ആദരിച്ചു. വർഷങ്ങളായി മെഹന്ദി ഡിസൈനിംഗിൽ തനതായ ശൈലിയിലൂടെ ഒട്ടേറെ കലാസൃഷ്ടികൾ ഒരുക്കിയ സജ്‌നയുടെ മികവിനുള്ള അംഗീകാരമായാണ് ഈ ആദരവ് നൽകിയത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്‌ന ഇബ്രാഹീം ആദരവ് നിർവഹിച്ചു. പ്രാദേശിക തലത്തിൽ സ്ത്രീകളുടെ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതും അവരുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതും സമൂഹത്തിന് വലിയ കരുത്താണെന്ന് അവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ഗീത കരങ്ങാടൻ മുഖ്യപ്രഭാഷണം നടത്തി. ഉദയം അയൽക്കൂട്ടം പ്രസിഡന്റ് റസിയ എ.കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇർഫാന ചെള്ളി സ്വാഗതവും നന്ദിയും രേഖപ്പെടുത്തി. വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ വാർഡിലെ നിരവധി കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.