മലപ്പുറം: റംസാൻ 27-ാം രാവായ നാളെ (തിങ്കളാഴ്ച) മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന വിശ്വപ്രസിദ്ധമായ മഅ്ദിൻ പ്രാർത്ഥനാ സമ്മേളനത്തിന് കൊടിയുയർന്നു. സമസ്ത ഉപാധ്യക്ഷനും സ്വാഗതസംഘം ചെയർമാനുമായ സയ്യിദ് അലി ബാഫഖി തങ്ങൾ കൊടി ഉയർത്തിയതോടെ സമ്മേളന നഗരി ആത്മീയ ചൈതന്യത്തിലായി.
മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പി.എം. മുസ്തഫ കോഡൂർ, ഇബ്രാഹീം ബാഖവി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
പ്രധാന ചടങ്ങുകൾ:
• ഞായറാഴ്ച (ഇന്ന്): ആത്മീയ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 3 മണിക്ക് ഖാസി സി.കെ. മുഹമ്മദ് ബാഖവിയുടെ നേതൃത്വത്തിൽ ആണ്ടുനേർച്ച നടക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‍ലിയാർ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. പണ്ഡിത ദർസ് സമാപനസംഗമം പൊന്മള അബ്ദുൽഖാദിർ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യും.
• തിങ്കളാഴ്ച (നാളെ): പുലർച്ചെ മുതൽ വിവിധ ആത്മീയ സദസ്സുകൾ നടക്കും.
• 10:30 AM: ഖത്മുൽ ഖുർആൻ സദസ്സ്.
• 11:30 AM: ബദ്രിയ്യത്ത് മജ്‍ലിസ്.
• 01:00 PM: അസ്‌മാൽ ബദ്രിയ്യീൻ.
• 04:00 PM: അസ്‌മാഉൽ ഹുസ്‌നാ സദസ്സ്.
• തുടർന്ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഗ്രാൻഡ് ഇഫ്താർ സംഗമം.
തിങ്കളാഴ്ച രാത്രി 9 മണിക്ക് നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിന്റെ സമാപന മഹാസംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഈ ചടങ്ങിനായുള്ള വിപുലമായ ക്രമീകരണങ്ങളാണ് സ്വലാത്ത് നഗറിൽ ഒരുക്കിയിരിക്കുന്നത്.