തിരൂരങ്ങാടി: കേന്ദ്ര സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി തിരൂരങ്ങാടി മൂന്നിയൂർ സ്വദേശി അശ്മിൽ ശാഹ് ഹുദവി നാടിന് അഭിമാനമായി. സലാമത്ത് നഗർ സ്വദേശിയായ അശ്മിൽ 382-ാം റാങ്ക് നേടിയാണ് സിവിൽ സർവീസ് എന്ന സ്വപ്ന നേട്ടത്തിലെത്തിയത്.
ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ആണ് അശ്മിലിന് ലഭിച്ച കേഡർ.
വിദ്യാഭ്യാസ പശ്ചാത്തലം
ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയിലെ മുൻകാല വിദ്യാർത്ഥിയായ അശ്മിൽ, 2023-ൽ അവിടെ നിന്നും ഒന്നാം റാങ്കോടെയാണ് ഹുദവി ബിരുദം പൂർത്തിയാക്കിയത്. സമാന്തരമായി കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. നിലവിൽ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
തന്റെ രണ്ടാം ശ്രമത്തിലാണ് ഇരുപത്തിയഞ്ചുകാരനായ അശ്മിൽ ഈ വിജയം പിടിച്ചെടുത്തത്. സിവിൽ സർവീസ് ലക്ഷ്യമിട്ട് കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലെ ഐ.എ.എസ് അക്കാദമിയിൽ നിന്ന് ഒരു വർഷത്തെ പ്രത്യേക പരിശീലനവും താരം പൂർത്തിയാക്കിയിരുന്നു.
മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെട്ടിയാട്ടിൽ അബൂബക്ർ സിദ്ദീഖിന്റെയും കൊടിഞ്ഞി കൊളത്തൂർ സ്വദേശി ആഇശയുടെയും മകനാണ് അശ്മിൽ. മത-ഭൗതിക വിദ്യാഭ്യാസ മേഖലകളിൽ ഒരേപോലെ മികവ് തെളിയിച്ച അശ്മിലിന്റെ വിജയം ദാറുൽഹുദാ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ജന്മനാടിനും വലിയ ആവേശമാണ് പകരുന്നത്.