നാടിനെ കണ്ണീരിലാഴ്ത്തി വിയോഗം: പാചക തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

മൂന്നിയൂർ: സമൂഹ നോമ്പ് തുറ പരിപാടിക്കിടെ പാചക തൊഴിലാളി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. ചേളാരി മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അറബിക് കോളേജിലെ പാചകക്കാരനായ മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശി കൂനം വീടൻ സൈതലവി (66) ആണ് അന്തരിച്ചത്.

കോളേജിൽ നടന്ന സമൂഹ നോമ്പ് തുറയ്ക്കുള്ള ഒരുക്കങ്ങൾക്കിടെയാണ് സംഭവം ഉണ്ടായത്. ദാറുത്തർബിയ അറബിക് കോളേജ് കാന്റീനിൽ കഴിഞ്ഞ 13 വർഷത്തിലേറെയായി പാചകക്കാരനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സൈതലവി.

ബദർ ദിനത്തോടനുബന്ധിച്ച് ആയിരത്തിനടുത്ത് ആളുകൾ പങ്കെടുക്കുന്ന വിപുലമായ സമൂഹ നോമ്പ് തുറയായിരുന്നു കോളേജിൽ സംഘടിപ്പിച്ചിരുന്നത്. മറ്റ് പാചകക്കാർക്കൊപ്പം വിഭവങ്ങൾ തയ്യാറാക്കുന്നതിനിടെയാണ് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖദീജയാണ് പരേതന്റെ ഭാര്യ. റഫീഖ്, അയ്യൂബ് (സൗദി), സാദിഖ്, നസീറ, സുമയ്യ, തസ്ലിയ, സഫ്ന എന്നിവരാണ് മക്കൾ. മയ്യിത്ത് മൂന്നിയൂർ ചിനക്കൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

ദീർഘകാലം ഒരേ സ്ഥാപനത്തിൽ പാചകക്കാരനായിരുന്ന സൈതലവിയുടെ അപ്രതീക്ഷിത വേർപാട് സ്ഥാപന അധികൃതർക്കും നാട്ടുകാർക്കും വലിയ വേദനയായി മാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}