മലപ്പുറം: ഇന്നലെ ‘ആമുഖം’ എന്ന പേരിൽ ഫേസ്ബുക്കിൽ കുറിപ്പിട്ട് മുസ്‍ലിം ലീഗിനെ മുൾമുനയിലാക്കി, പിന്നീട് തിരുത്തിയ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി ഇന്ന് വീണ്ടും പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതിനെതിരെയാണ് ഇത്തവണ ഫേസ്ബുക്കിൽ പരസ്യമായി പ്രതികരിച്ചത്.
നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായാണ് പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതെന്നാണ് രണ്ടത്താണിയുടെ ആരോപണം. പഞ്ചായത്ത് ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെയാണ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ. സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പാർട്ടിയെ സ്നേഹിക്കുന്നവർ ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന്റെ മാനദണ്ഡം ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്നും പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹ്മാൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം.