വലിയോറ: നഷ്ടപ്പെട്ട ഒരു പവൻ സ്വർണ്ണാഭരണം തിരികെ നൽകി സത്യസന്ധതയുടെ വേറിട്ട മാതൃകയാവുകയാണ് പാണ്ടികശാല സ്വദേശിയും മുൻ കാളിക്കടവ് അങ്കണവാടി വർക്കറുമായ ശ്രീമതി ടീച്ചർ. വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സബ്ന ഇബ്രാഹീമിന്റെ നഷ്ടപ്പെട്ട ആഭരണമാണ് ടീച്ചർ സുരക്ഷിതമായി ഉടമയെ ഏൽപ്പിച്ചത്.
അടക്കാപുര എ വൈ എസ് ക്ലബ്ബിന്റെ ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത ശേഷം തൂവൽതീരം ബീച്ചിൽ പോയി മടങ്ങുന്നതിനിടെയാണ് സബ്ന ഇബ്രാഹീമിന്റെ ഒരു പവന്റെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടത്. കക്കാട് കാച്ചടി പ്രദേശത്ത് വെച്ച് വീണുകിട്ടിയ ഈ ആഭരണം പാണ്ടികശാല സ്വദേശിയും റിട്ടയർഡ് പോസ്റ്റ്മാൻ കക്കാളശ്ശേരി കുമാരന്റെ ഭാര്യയുമായ ശ്രീമതി ടീച്ചർക്ക് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ ആഭരണത്തിന്റെ ഉടമയെ കണ്ടെത്താനും അത് തിരികെ നൽകാനും ടീച്ചർ കാണിച്ച മനസ്സ് നാടിനാകെ അഭിമാനമായി.
തുടർന്ന് ടീച്ചറുടെ വസതിയിൽ വെച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ വെച്ച് ആഭരണം കൈമാറി. ചടങ്ങിൽ ആഭരണ ഉടമ സബ്ന ഇബ്രാഹീം, വാർഡ് മെമ്പർ തൂമ്പിൽ സക്കീന കരീം, മുൻ വാർഡ് മെമ്പർ യൂസുഫലി വലിയോറ എന്നിവർ പങ്കെടുത്തു. ഇബ്രാഹീം എ.കെ., അലവി എ.കെ., അജ്മൽ ഇരുമ്പൻ, കെ. മുസ്തഫ, സധീഷ് അത്തിയേക്കൽ, കെ. ബാലൻ, കെ. കുമാരൻ, കെ. ദൃശ്യ തുടങ്ങിയവർ സംബന്ധിച്ചു.
വാർധക്യത്തിലും മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന ശ്രീമതി ടീച്ചറുടെ ഈ നന്മ നിറഞ്ഞ പ്രവൃത്തിയെ വലിയോറ നിവാസികൾ ഒന്നടങ്കം പ്രശംസിച്ചു.