പരപ്പനങ്ങാടി: ആനങ്ങാടി ബീച്ചിൽ ഫിഷ് ലാൻഡിങ് ഹാർബർ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ഭാരവാഹികൾ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവന് നിവേദനം സമർപ്പിച്ചു. തീരദേശവാസികളുടെ ദീർഘകാലമായുള്ള ഈ ആവശ്യം പരിഗണിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് നിവേദനത്തിലൂടെ സംഘടന ആവശ്യപ്പെട്ടു.
കേരളത്തിലെ ആദ്യത്തെ ഫിഷ് ലാൻഡിങ് സെന്ററായി മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്ത പദ്ധതിയാണിതെങ്കിലും, പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇത് പൂർണ്ണരൂപത്തിൽ നടപ്പിലാക്കിയിട്ടില്ലെന്ന് കെ.ഡി.എഫ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്കുനീക്കവുമായി ബന്ധപ്പെട്ട് ബേപ്പൂർ തുറമുഖം വികസിപ്പിക്കുമ്പോൾ, ഭാവിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രവേശനം തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ആനങ്ങാടി ഫിഷ് ലാൻഡിങ് സെന്റർ അടിയന്തരമായി പ്രവർത്തനസജ്ജമാക്കണമെന്നും സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു.
വിഷയത്തിൽ ആവശ്യമായ അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ നിവേദക സംഘത്തിന് ഉറപ്പുനൽകി.
കെ.ഡി.എഫ് ഭാരവാഹികളായ പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, ഷൈനി പട്ടാളത്തിൽ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.