പറപ്പൂർ: രോഗാതുരരായവർക്ക് സാന്ത്വനമേകാൻ തന്റെ കുടുക്കയിലെ സമ്പാദ്യം നൽകി മാതൃകയാവുകയാണ് പുതുപ്പറമ്പ് മലബാർ ഇന്റർനാഷണൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഹിബിൻ. പറപ്പൂർ ചോലക്കുണ്ട് സ്വദേശിയായ ഈ കൊച്ചു മിടുക്കൻ ഏറെക്കാലമായി താൻ സ്വരൂപിച്ചുവെച്ച രണ്ട് കുടുക്കകളിലെ പണമാണ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി കൈമാറിയത്.
പാവപ്പെട്ട രോഗികളെ സഹായിക്കണമെന്ന ആഗ്രഹത്തോടെ മാറ്റിവെച്ച ഈ തുക പറപ്പൂർ പാലിയേറ്റീവ് പ്രസിഡന്റ് അയമുദു മാസ്റ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ മുഹമ്മദ് മാസ്റ്റർ, അബു മാസ്റ്റർ, മുഹമ്മദലി മാസ്റ്റർ, സുഹറ, റസിയ എം.കെ, അസ്മത്, ബാവ നല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.
സമൂഹത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാൻ ചെറിയ പ്രായത്തിൽ തന്നെ ഹിബിൻ കാണിച്ച ഈ വലിയ മനസ്സിനെ പാലിയേറ്റീവ് ഭാരവാഹികളും നാട്ടുകാരും അഭിനന്ദിച്ചു.