വേങ്ങര: വേങ്ങര സബ് ട്രഷറിയുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനും ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനും അടിയന്തരമായി മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) വേങ്ങര മണ്ഡലം കമ്മിറ്റി നിവേദനം നൽകി.
മണ്ഡലം സ്ഥാനാർത്ഥി കെ.എം ഷാജിക്കാണ് കമ്മിറ്റി ഭാരവാഹികൾ നിവേദനം കൈമാറിയത്.
നിലവിൽ സബ് ട്രഷറിയിൽ എത്തുന്ന പെൻഷൻകാർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ നേരിടുന്ന അസൗകര്യങ്ങൾ പരിഹരിക്കണമെന്നും, മെച്ചപ്പെട്ട കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ ആവശ്യമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിഷയവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ പ്രമുഖ നേതാക്കളും ഭാരവാഹികളും സംസാരിച്ചു. ടി. മുഹമ്മദ് മാസ്റ്റർ, സി.കെ. അഹമ്മദ് കുട്ടി, യു. ഹമീദലി, പി. ഇബ്രാഹിംകുട്ടി, എൻ. മുഹമ്മദ് കുട്ടി, പി. അബ്ദുൽ മജീദ്, ടി.ടി. മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സബ് ട്രഷറിയുടെ വികസനം വേങ്ങരയിലെ സാധാരണക്കാരായ നിരവധി ആളുകൾക്ക് ആശ്വാസമാകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.