പ്രായത്തെ വെല്ലുവിളിച്ച അറിവുത്സവം; തിരൂരങ്ങാടിയിൽ മുതിർന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു

തിരൂരങ്ങാടി: ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ തുല്യതാ പഠിതാക്കൾ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. വനിതാ ദിനാചരണത്തോടൊപ്പം പ്രായത്തെ അവഗണിച്ച് പഠനരംഗത്ത് സജീവമായ മുതിർന്ന വനിതാ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങും വിദ്യാലയത്തിൽ നടന്നു.

തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിഫാ ഫതാഹ് കെ.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. അറിവ് നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന ഇത്തരം പഠിതാക്കൾ സമൂഹത്തിന് വലിയ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാർഡ് കൗൺസിലർ എം.എൻ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് വാർഡ് മെമ്പർ ജാഫർ പനയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

പഠിതാക്കളിൽ ഏറ്റവും പ്രായം കൂടിയവരായ സൈനബ പാലക്കൽ, വത്സല എ. എന്നിവരെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിഫാ ഫതാഹ് കെ.കെ. ആദരിച്ചു. സാക്ഷരതാ പ്രവർത്തനം ജീവിത തപസ്യയാക്കിയ കാർത്തിയാനി ടീച്ചറെ മനുഷ്യാവകാശ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് ആദരിച്ചു.

അധ്യാപകരായ സുനിൽ, ഷാജിമോൻ, മുംതാസ് ടീച്ചർ, മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുറഹീം പൂക്കത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ക്ലാസ് കോഡിനേറ്റർ കാർത്തിയാനി ടീച്ചർ സ്വാഗതവും ക്ലാസ് ലീഡർ വിനോദ് നന്ദിയും പറഞ്ഞു. വനിതാ ദിനത്തിൽ തങ്ങളുടെ സഹപാഠികളായ മുതിർന്നവരെ ആദരിച്ചത് തുല്യതാ പഠിതാക്കൾക്ക് നവ്യാനുഭവമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}