പറപ്പൂർ: ലോക പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് കാരുണ്യപ്രവർത്തനത്തിൽ മാതൃകയായി കുറ്റിത്തറമ്മൽ എ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ. തങ്ങൾ സമാഹരിച്ച പാലിയേറ്റീവ് ഫണ്ട് സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വെച്ച് പാലിയേറ്റീവ് പ്രവർത്തകർക്ക് കൈമാറി കുരുന്നുകൾ സേവനസന്നദ്ധത വിളംബരം ചെയ്തു.
സ്കൂൾ വാർഷിക പരിപാടിയിൽ നടന്ന ചടങ്ങിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്, സ്കൂൾ മാനേജർ വി. മുഹമ്മദ് കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ ജസീറ അനീസ് പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഫക്രുദ്ധീൻ പി.കെ, പാലിയേറ്റീവ് ഭാരവാഹി ബാവ നല്ലൂർ, പി.ടി.എ - എം.ടി.എ ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. സഹജീവികളോടുള്ള കരുണയും സ്നേഹവും വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.