ഊരകം: കുറ്റാളൂർ എം.എൽ.എ റോഡിലെ നെല്ലിപറമ്പ് ഭാഗത്തെ പാലം പണി പൂർത്തിയാക്കാതെ നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്ത്. നിർമ്മാണ പ്രവർത്തനങ്ങളിലെ ഉദാസീനത അവസാനിപ്പിച്ച് പാലം ഉടൻ ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയറെ കണ്ട് നിവേദനം നൽകി.
മാസങ്ങൾക്ക് മുമ്പ് നിർമ്മാണോദ്ഘാടനം കഴിഞ്ഞ പാലത്തിന്റെ പണി നിലവിൽ പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. കരാറുകാരന്റെ ഭാഗത്തുനിന്നുള്ള കടുത്ത വീഴ്ചയും ഉദാസീനതയുമാണ് നിർമ്മാണം വൈകാൻ പ്രധാന കാരണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പ്രധാന പാതയിലെ പണി തടസ്സപ്പെട്ടതോടെ പ്രദേശവാസികളും യാത്രക്കാരും മാസങ്ങളായി വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. മൊയ്‌തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അധികൃതരെ കണ്ട് പരാതി ബോധിപ്പിച്ചത്. പണി വൈകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സംഘം ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തി.
മണ്ഡലം നേതാക്കളായ എം.പി. വേലായുധൻ മാസ്റ്റർ, സി.എം. സേവ്യർ, സി.പി. ജോർജ് കുട്ടി, ഓവുങ്ങൽ ഹംസ, എം.കെ. കുഞ്ഞാപ്പ, മെഗാ കുട്ടൻ, ഇ.കെ. ഇബ്രാഹിം എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ പണി പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം.