ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഏപ്രിൽ 18-ന് (ദുൽ ഖഅദ് ഒന്ന്) സൗദി അറേബ്യയിലെത്തും. മുംബൈയിൽ നിന്നുള്ള 400-ലധികം തീർത്ഥാടകർ മദീനയിലാണ് ആദ്യമിറങ്ങുന്നത്. ഇത്തവണ ആകെ 1,75,025 ഇന്ത്യൻ തീർത്ഥാടകർക്കാണ് ഹജ്ജ് കർമത്തിന് അവസരം ലഭിച്ചിരിക്കുന്നത്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഹജ്ജ് ഒരുക്കത്തെക്കുറിച്ച് വിശദീകരിക്കുന്നു
ഇതിൽ 1,22,518 പേർ ഹജ്ജ് കമ്മിറ്റി വഴിയും 52,507 പേർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് എത്തുന്നത്. തീർത്ഥാടകരെ സ്വീകരിക്കുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും മക്കയിലും മദീനയിലും പൂർത്തിയായതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.
താമസവും ഗതാഗതവും
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മദീനയിലെത്തുന്ന മുഴുവൻ ഹാജിമാർക്കും പ്രവാചക പള്ളിക്ക് തൊട്ടടുത്തുള്ള ‘മർക്കസിയ’ ഏരിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിെൻറ ഭാഗമായി 50 ശതമാനത്തോളം ഹാജിമാർക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രകൾക്ക് ഹൈസ്പീഡ് മെട്രോ സൗകര്യം ലഭ്യമാക്കും.