പുതിയ സാമ്പത്തിക വർഷം: ആദായനികുതി മുതൽ എടിഎം വരെ; രാജ്യം പുതിയ മാറ്റങ്ങളിലേക്ക്

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം പിറന്നതോടെ രാജ്യത്തെ സാമ്പത്തിക-ബാങ്കിങ് മേഖലകളിൽ വലിയ മാറ്റങ്ങൾ നിലവിൽ വന്നു. ആദായനികുതി ചട്ടങ്ങൾ, റെയിൽവേ ടിക്കറ്റ് റീഫണ്ട്, ബാങ്കിങ് സേവനങ്ങൾ തുടങ്ങി സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ നിബന്ധനകളാണ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലായത്.

ആദായനികുതിയിൽ പുതിയ ഫോമുകൾ
ആദായനികുതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി ഫോമുകളിൽ മാറ്റം വരുത്തി. ശമ്പളക്കാർക്ക് തൊഴിലുടമ നൽകുന്ന ഫോം 16 ഇനി മുതൽ ഫോം 130 എന്ന പേരിലാകും അറിയപ്പെടുക. സ്രോതസ്സിലെ നികുതിയുമായി (TDS) ബന്ധപ്പെട്ട ഫോം 16 എ ഇനി ഫോം 131 ആകും. അതേസമയം, വിദേശത്തേക്ക് പണം അയക്കുന്നവർക്ക് ആശ്വാസമായി ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരമുള്ള നികുതി അഞ്ച് ശതമാനത്തിൽ നിന്നും രണ്ട് ശതമാനമായി കുറച്ചു.

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കാൻ
ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോൾ ലഭിക്കുന്ന റീഫണ്ട് തുകയിൽ റെയിൽവേ പുതിയ സമയക്രമം ഏർപ്പെടുത്തി. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമേ മുഴുവൻ തുകയും തിരികെ ലഭിക്കൂ. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണെങ്കിൽ തുകയുടെ 25 ശതമാനവും, 24 മുതൽ 8 മണിക്കൂർ വരെയാണെങ്കിൽ 50 ശതമാനവും നഷ്ടമാകും. യാത്രയ്ക്ക് എട്ട് മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല.

പാൻ - ആധാർ നിയമങ്ങൾ കടുക്കുന്നു
പാൻ കാർഡിനായുള്ള അപേക്ഷാ നടപടികൾ കൂടുതൽ കർശനമാക്കി. ഇനി മുതൽ ജനനത്തീയതി തെളിയിക്കാൻ ആധാർ കാർഡ് മാത്രം മതിയാകില്ല; ഇതിനായി കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടി വരും. കൂടാതെ, പാൻ കാർഡിൽ പേര് രേഖപ്പെടുത്തില്ല എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ ആധാറിലെയും പാനിലെയും വിവരങ്ങൾ കൃത്യമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്.

ബാങ്കിങ് - ഡിജിറ്റൽ ഇടപാടുകൾ
ബാങ്കിങ് മേഖലയിലും സുപ്രധാന മാറ്റങ്ങളുണ്ട്:
• എടിഎം ഇടപാടുകൾ: എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾ യുപിഐ വഴി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് ഇനി മുതൽ സാധാരണ എടിഎം ഇടപാടായി തന്നെ കണക്കാക്കും. ഇത് പ്രതിമാസ സൗജന്യ ഇടപാടുകളുടെ എണ്ണത്തെ ബാധിക്കും.
• പിൻവലിക്കൽ പരിധി: പഞ്ചാബ് നാഷണൽ ബാങ്ക് വിവിധ കാർഡുകളുടെ പ്രതിദിന പിൻവലിക്കൽ പരിധി കുറച്ചു. ഒരു ലക്ഷം രൂപ പരിധിയുള്ള കാർഡുകൾക്ക് ഇനി 50,000 രൂപയും, 1.5 ലക്ഷം പരിധിയുള്ളവയ്ക്ക് 75,000 രൂപയുമാണ് പുതിയ പരിധി.
• സുരക്ഷ: എല്ലാ ഡിജിറ്റൽ ഇടപാടുകൾക്കും ഇനി മുതൽ 'ടു-ഫാക്ടർ ഓതന്റിക്കേഷൻ' നിർബന്ധമാണ്.
മറ്റ് പ്രധാന മാറ്റങ്ങൾ
• ഫാസ്ടാഗ്: വാർഷിക പാസ് നിരക്ക് 3000 രൂപയിൽ നിന്നും 3075 രൂപയായി വർധിപ്പിച്ചു.
• ക്രെഡിറ്റ് കാർഡ്: എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പോയിന്റുകൾ റെഡീം ചെയ്യാൻ ചുരുങ്ങിയത് 4000 പോയിന്റുകൾ വേണം.
• ലോഞ്ച് സൗകര്യം: റുപേ ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള വിമാനത്താവള, റെയിൽവേ ലോഞ്ച് പ്രവേശനം ഇനി മുതൽ സൗജന്യമായിരിക്കില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}