തിരുവനന്തപുരം: ആധാർ വിവരങ്ങളെ തെളിവായി സ്വീകരിക്കരുതെന്ന് അറിയിച്ച് എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ സർക്കുലർ. ആധാർ നമ്പർ വ്യക്തിയെ തിരിച്ചറിയാനുള്ള രേഖ മാത്രമാണെന്നും ജനനത്തീയതിക്കും സ്ഥിരവിലാസത്തിനും ഇത് ആധാരമാക്കരുതെന്നും നിർദേശിച്ചു. ജനന സർട്ടിഫിക്കറ്റ് ആണ് പ്രായത്തിന്റെ കാര്യത്തിൽ ഏറ്റവും ആധികാരിക രേഖ. സ്കൂൾ സർട്ടിഫിക്കറ്റും വിശ്വാസ യോഗ്യമാണെന്ന് സുപ്രീംകോടതി അടക്കം വ്യക്തമാക്കിയിട്ടുണ്ട്.
ആധാർ ജനനത്തീയതിയുടെ അടക്കം തെളിവ് അല്ലെന്ന് ആധാർ അതോറിറ്റിയും വിവിധ കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. സേവനങ്ങളും ആനുകൂല്യങ്ങളും മറ്റും അനർഹരിൽ എത്തുന്നില്ല എന്ന് ഉറപ്പാക്കാനുള്ള ബയോമെട്രിക് മാത്രമാണ് ആധാർ. കുംഭമേളയിലെ വൈറൽതാരത്തിന്റെ വിവാഹത്തിന് ആധാർ കാർഡിലെ ജനന തീയതി ഉപയോഗിച്ചത് വിവാദമായിരുന്നു. പെൺകുട്ടിയുടെ ആധാറിൽ 18 വയസ് തികഞ്ഞു എന്നാണ് കാണിച്ചിരുന്നത്. ജനന സർട്ടിഫിക്കറ്റ് അനുസരിച്ച് 16 വയസ് മാത്രമേ പ്രായമായിട്ടുള്ളൂ എന്നാണ് പറയുന്നത്.