വേങ്ങര: വയലിൽ താഴ്ന്നു തകർന്ന ദേശീയ ആറുവരിപ്പാത നിർമ്മാണം കൂരിയാട് പാടത്ത് അന്തിമ ഘട്ടത്തിലെത്തി നിൽക്കെ, നിർമ്മാണത്തിനായി പാടശേഖരത്തിൽ കൊണ്ട് വന്നിട്ട മൺതിട്ടകൾ ഇനിയും നീക്കം ചെയ്തില്ലെന്ന് പരാതി. ഈ മൺതിട്ടകൾ കാരണം പാടശേഖരത്തിലൂടെ കടലുണ്ടി പുഴയിലേക്ക് ഒഴുകുന്ന വേങ്ങര ത്തോട് ,കൈത തോട് എന്നിവയുടെ നീരൊഴുക്ക് തടസപ്പെട്ടതായി നാട്ടുകാർ.
കണ്ണമംഗലം പഞ്ചായത്തിലെ ചെറെക്കാട്ട് മലയിൽ നിന്ന് തുടങ്ങുന്നതാണ് വേങ്ങരത്തോട്. ചേറൂർ പാടം, വേങ്ങര പാടം, കാട്ടുപാടം തുടങ്ങി വിവിധ പാട ശേഖരങ്ങളിലൂടെ ഒഴുകി പനമ്പുഴക്കടവ് വഴി കടലുണ്ടി പുഴയിൽ ചേരും.
എ ആർ നഗർ പഞ്ചായത്തിൽ നിന്ന് തുടങ്ങുന്നതാണ് കൈതത്തോട്. ഇത് കുറ്റൂർ പാടം വഴി ഒഴുകി വേങ്ങരത്തോടിൽ ലയിച്ച് കടലുണ്ടി പുഴയിലേക്ക് ഒഴുകും. എന്നാൽ ഇവയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്ന രീതിയിലാണ് ദേശീയ പാതക്കിരുപുറവും ഇപ്പോൾ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്.
കൂടാതെ കൊളപ്പുറം അങ്ങാടിയിൽ നിന്നടക്കമുള്ള മഴവെള്ളവും കടലുണ്ടി പുഴയിലേക്ക് ഒഴുകിയിരുന്നത് ഈ പാടശേഖരം വഴിയാണ്. ഇതിനെയും തടസ്സപ്പെടുത്തുന്ന രീതിയിലാണ് നിലവിലെ മൺകൂനകൾ. നേരത്തെ പാടത്തിന് നടവിലൂടെ കടന്ന് പോവുന്ന പാതക്കിരുവശവും ആഴത്തിലുള്ള തോടുകളുണ്ടായിരുന്നു. ഇത് കൃഷിയിടത്തിലേക്ക് ഒഴുകി എത്തുന്ന അമിത ജലവും തോട്ടിലൂടെ എത്തുന്നമഴവെള്ളവും പുഴയി ലേക്ക് ഒഴുക്കി കളയാൻ സഹായമായിരുന്നു.
റോഡ് നവീകരണത്തോടെ റോഡിനിരുപുറവുള്ള തോടുകൾ പൂർണ്ണമായി മണ്ണിട്ട് മൂടുകയും പാതക്കടിയിലൂടെ കടന്ന് പോവുന്ന വേങ്ങരത്തോടിൻ്റെയും കൈതത്തോടി ൻ്റെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയിരുക്കുകയുമാണ്. ചെറിയൊരു മഴ പെയ്താൽ പോലും പാടത്ത് വലിയ തോതിൽ വെള്ളം കെട്ടിനിൽക്കാൻ ഇത് കാരണമാവുമെന്ന് കർഷകർ ആശങ്കപ്പെടുന്നു.
ഒരു വർഷം മുമ്പ് ആദ്യ മഴക്ക് തന്നെ കുറ്റൂർ പാടത്ത് വെള്ളക്കെട്ടുണ്ടാവുകയും നിരവധി കർഷകരുടെ വിളകൾ നശിക്കാൻ ഇടയാക്കുകയും ചെയ്തിരുന്നു. ഇത്തവണയും മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ കർഷകർക്ക് കനത്ത കൃഷി നാശമുണ്ടാകുകയും നിരവധി വീടുകളിൽ വെള്ളം കയറാൻ ഇടയാവുകയും ചെയ്യും. അതിനാൽ കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തോടുകളുടെ സുഖമമായ നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്ന മണ്ണ് നീക്കം ചെയ്യണമെന്നാണ് കർഷരുടെയും പരിസര വാസികളുടെ ആവശ്യം.
ജനങ്ങളുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. ടി. അബ്ദുൽ നാസർ, കെഎൻ ആർ സി ഉദ്യോഗസ്ഥരെ കൂട്ടി സ്ഥലം സന്ദർശിച്ചു. വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നു അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻ്റ് ഫാത്തിമ ചോലക്കൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് സാദിഖ് കോടിയാട്ട്, നാലാം വാർഡ് മെമ്പർ പാക്കട മുസ്‌തഫ സെക്രട്ടറി കെ. പി. ലക്ഷ്മി, അസിസ്റ്റൻ്റ് എഞ്ചിനീയർ വിദ്യ, കൃഷി ഓഫീസർ അർച്ചന, കർഷക പ്രതിനിധികളായ അബ്ദുറസാഖ്, ചെമ്പൻ ജാഫർ, സുധീഷ്, തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.