വേങ്ങര: ജാതി അധിക്ഷേപത്തെത്തുടർന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവിതം അവസാനിപ്പിക്കാനിടയായ സംഭവം ജാതിക്കൊലപാതകമാണെന്ന് വെൽഫെയർ പാർട്ടി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കേരളം പോലെ ജാതീയതയ്ക്കും വംശീയതയ്ക്കും വേരോട്ടമില്ലാത്ത ഒരു സമൂഹത്തിൽ, ജാതിക്കൊമരങ്ങൾക്ക് ഉറഞ്ഞുതുള്ളാനുള്ള ലൈസൻസ് സർക്കാർ നൽകരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ഇത്തരം വിവേചനങ്ങൾക്കെതിരെ അധികൃതർ മൗനം പാലിക്കുന്നത് അപകടകരമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി കുഞ്ഞാലി മാസ്റ്റർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ്, ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, അഷറഫ് പാലോളി എന്നിവർ സംസാരിച്ചു.
വേങ്ങര സിനിമ ഹാൾ പടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കുട്ടിമോൻ, കെ.വി ഹമീദ്, ബഷീർ പുല്ലമ്പലവൻ, സുഹൈൽ കാപ്പൻ, കുഞ്ഞഹമ്മദ് മുട്ടി മാസ്റ്റർ, പി.ഇ നൗഷാദ്, സി. മുഹമ്മദലി, നജീബ് പറപ്പൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.