ജലദുരുപയോഗം: വേങ്ങരയിൽ ജലനിധി പരിശോധന ശക്തമാക്കി; ലംഘകർക്കെതിരെ കനത്ത പിഴ

വേങ്ങര: കടുത്ത വേനലിൽ കുടിവെള്ളത്തിനായി ജനങ്ങൾ വലയുന്നതിനിടെ ജലനിധി പദ്ധതിയിലെ വെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി അധികൃതർ. ജലദുരുപയോഗം തടയാൻ വാർഡുകൾ കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചു. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയവരിൽ നിന്ന് പിഴ ഈടാക്കിത്തുടങ്ങി.

ശുദ്ധീകരിച്ച കുടിവെള്ളം ഉപയോഗിച്ച് ചെടി നനയ്ക്കുക, കെട്ടിടം നനയ്ക്കുക, വാഹനം കഴുകുക, കിണറുകളിലേക്ക് ഹോസ് ഉപയോഗിച്ച് വെള്ളം അടിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. കൂടാതെ എയർ കോർക്കിലൂടെ ഹോസ് കണക്ഷൻ സ്ഥാപിച്ച് വെള്ളം മോഷ്ടിക്കുന്നതും സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുടിവെള്ളത്തിനായി പലരും നെട്ടോട്ടം ഓടുമ്പോഴാണ് ചിലരുടെ ഭാഗത്തുനിന്നുള്ള ഈ അനധികൃത നടപടികൾ.

കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്ന് മണൽത്തിട്ടകൾ തെളിഞ്ഞു കഴിഞ്ഞു. നിലവിൽ കല്ലക്കയം പമ്പ് ഹൗസിൽ നിന്നുള്ള പമ്പിംഗും പ്രതിസന്ധിയിലാണ്. രാത്രികാലങ്ങളിൽ എസി ഉപയോഗം വർധിച്ചതും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും കാരണം വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്നത് ഹൈ-പവർ മോട്ടറുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

കൂരിയാട് കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ നിന്ന് പമ്പ് ഹൗസിലേക്ക് മാത്രമായി പ്രത്യേക ഫീഡർ ലൈൻ സ്ഥാപിക്കാനുള്ള പദ്ധതി നിലവിലുണ്ടെങ്കിലും, നടപടികൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് പരിഹരിക്കപ്പെട്ടാൽ മാത്രമേ വോൾട്ടേജ് പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.

നിലവിലെ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ജലനിധി സംവിധാനവുമായി സഹകരിക്കണമെന്ന് വേങ്ങര ശുദ്ധജല വിതരണ സൊസൈറ്റി അഭ്യർത്ഥിച്ചു. ജലദുരുപയോഗം ഒഴിവാക്കി പിഴ നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സൊസൈറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}