ആനങ്ങാടിയിൽ റോഡ് സൈഡ് കോൺക്രീറ്റ് ചെയ്തു; പരാതിയിൽ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്

വള്ളിക്കുന്ന്: പരപ്പനങ്ങാടി - കടലുണ്ടി റോഡിലെ ആനങ്ങാടി ഭാഗത്ത് നിലനിന്നിരുന്ന രൂക്ഷമായ യാത്രാക്ലേശത്തിനും അപകടഭീഷണിക്കും പരിഹാരമായി. റോഡ് വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തത് മൂലം ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമായതോടെ പൊതുപ്രവർത്തകർ നൽകിയ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തര നടപടി.

പരപ്പനങ്ങാടി - കടലുണ്ടി റോഡ് നവീകരണത്തിന്റെ ഭാഗമായി ആനങ്ങാടിയിൽ റോഡ് ഉയർത്തിയിരുന്നെങ്കിലും വശങ്ങൾ കെട്ടി സംരക്ഷിച്ചിരുന്നില്ല. പഴയ നിർമ്മാണ കരാറിൽ സൈഡ് ഐറിഷ് (വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നത്) ഉൾപ്പെടാതിരുന്നതാണ് ഇതിന് കാരണമായത്. റോഡും വശങ്ങളും തമ്മിലുള്ള വലിയ ഉയരവ്യത്യാസം കാരണം ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും നിരന്തരം അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. കൂടാതെ ആനങ്ങാടി ടൗണിലെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് കോൺക്രീറ്റ് ഇല്ലാത്തതിനാൽ വാഹനങ്ങൾ റോഡിലേക്ക് കയറ്റി നിർത്തേണ്ടി വരുന്നതും ഗതാഗത തടസ്സത്തിന് കാരണമായിരുന്നു.

ഈ വിഷയത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പുക്കത്ത് തിരൂരങ്ങാടി, പൊതുപ്രവർത്തകനായ സുബൈർ ആനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. ബിന്ദുവിനും അസിസ്റ്റന്റ് എഞ്ചിനീയർക്കും പരാതി നൽകുകയും നിരന്തരമായി സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പുതിയ പ്രവൃത്തിയിലെ ബാക്കി വന്ന ഫണ്ട് ഉപയോഗിച്ച് ഓട്ടോ സ്റ്റാൻഡ് ഭാഗവും റോഡിന്റെ വശങ്ങളും കോൺക്രീറ്റ് ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ഓവർസിയർ അഭയന്റെ നേതൃത്വത്തിൽ ജാഗ്രതയോടെയുള്ള ഇടപെടലുകൾ നടന്നതിനാലാണ് പുതിയ ഫണ്ട് ഉപയോഗിച്ച് പഴയ വർക്കിലെ പോരായ്മകൾ പരിഹരിക്കാൻ സാധിച്ചതെന്ന് അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു. പ്രവൃത്തി പൂർത്തിയായതോടെ പ്രദേശത്തെ അപകടഭീഷണിക്ക് വലിയ തോതിൽ കുറവുണ്ടാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാരും വാഹന തൊഴിലാളികളും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}