തിരൂരങ്ങാടി: പരപ്പനങ്ങാടി - മലപ്പുറം പാതയിലെ പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. മീനാർകുഴി സ്വദേശി മുല്ലപ്പള്ളി ഈന്തേക്കാട്ടിൽ അബൂബക്കർ സിദ്ദീഖിന്റെ മകൻ ഷാദിൽ മുല്ലപ്പള്ളി (20) ആണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന മരം കയറ്റിയ ലോറിക്ക് പിന്നിലേക്ക് മെഡിക്കൽ സാധനങ്ങളുമായി പോവുകയായിരുന്നു പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഷാദിലിന്റെ ജീവൻ രക്ഷിക്കാനായില്ല.
വാഹനം ഓടിച്ചിരുന്ന വേങ്ങര സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാദിലിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.