മലപ്പുറം: 'സ്വീപ്' പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും സീനിയർ ചേംബർ ഇന്റർനാഷണലിന്റെയും നേതൃത്വത്തിൽ ഭിന്നശേഷി ബൂത്തുകൾ ഹരിതവത്കരിക്കും. പദ്ധതിയുടെ ഉദ്ഘാടനം മാതൃകാ പോളിങ് ബൂത്തിൽവെച്ച് കളക്ടർ വിനയ് ഗോയലിന് സീനിയർ ചേംബർ മലപ്പുറം ലീജിയൻ പ്രസിഡന്റ് അനിൽ പത്മനാഭ ചെടിച്ചട്ടി കൈമാറി നിർവഹിച്ചു.
ജില്ലയിൽ മലപ്പുറം ഗവ. കോളേജ്, മഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, വണ്ടൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി മൂന്ന് ഭിന്നശേഷി ബൂത്തുകളാണുള്ളത്. ഇവിടങ്ങളിലെ പോളിങ് ഉദ്യോഗസ്ഥരും ഭിന്നശേഷിക്കാരായിരിക്കും. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ഷിബുലാൽ അധ്യക്ഷനായി. ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസർ സമീർ മച്ചിങ്ങൽ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാരിയർ, കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ സുരേഷ്, സീനിയർ ചേംബർ ഇന്റർനാഷണൽ മലപ്പുറം ലീജിയൻ ട്രഷറർ നൗഷാദ് മാമ്പ്ര, ഭാരവാഹികളായ എം.സി. സതീഷ്, ലീന ബാബു, ഷൈല ബീഗം എന്നിവർ പങ്കെടുത്തു