15-ാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കി ഉദൈഫ്; മനാറുൽ ഹുദയിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

വേങ്ങര: മൂന്ന് വർഷത്തെ കഠിന പരിശ്രമത്തിലൂടെ വിശുദ്ധ ഖുർആൻ മുഴുവനായും മനപ്പാഠമാക്കി (ഹിഫ്ള്) പതിനഞ്ചുകാരനായ കെ. ഉദൈഫ് ശ്രദ്ധേയനാകുന്നു. വേങ്ങര ചേറൂർ റോഡ് മനാറുൽ ഹുദാ അറബിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി & റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ഉദൈഫ്. മനാറിൽ നിന്നും ഖുർആൻ മനപ്പാഠമാക്കുന്ന ഒമ്പതാമത്തെ വിദ്യാർത്ഥിയെന്ന നേട്ടവും ഇതോടെ ഉദൈഫ് സ്വന്തമാക്കി.

തിരൂർ തലക്കടത്തൂർ സ്വദേശി കൊടശ്ശേരി ഹുസൈൻ വൈലത്തൂർ-ചേനാത്ത് ഉമൈമത്ത് ദമ്പതികളുടെ ഇളയ മകനാണ് ഈ മിടുക്കൻ. ഊരകം മർകസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൂടിയാണ് ഉദൈഫ്. പഠനത്തോടൊപ്പം തന്നെ ഖുർആൻ ഹൃദിസ്ഥമാക്കാനായി ഉദൈഫ് നടത്തിയ പരിശ്രമങ്ങൾ സഹപ്രവർത്തകർക്കും അധ്യാപകർക്കും വലിയ മാതൃകയാണ്.

ഹിഫ്ള് പൂർത്തീകരണവും ഉദൈഫിനെ അഭിനന്ദിക്കുന്നതിനായുള്ള അനുമോദന സദസ്സും മനാറുൽ ഹുദാ മസ്ജിദിൽ വെച്ച് നടന്നു. ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാക്കവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനാറുൽ ഹുദാ കോളേജ് പ്രിൻസിപ്പൽ നസീറുദ്ദീൻ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി.

കെ. ഹാറൂൺ റഷീദ്, ഉസ്താദ് ഇഹ്സാൻ, കൊടശ്ശേരി ഹുസൈൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രധാന അധ്യാപകൻ ഫവാസ് സ്വാഗതവും ഉസ്താദ് നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച ഉദൈഫിനെ വിവിധ മേഖലകളിൽ നിന്നുള്ളവർ അഭിനന്ദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}