സിലിണ്ടർ വില 3000 കടന്നു; പ്രതിഷേധവുമായി നാളെ സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്

വേങ്ങര: വാണിജ്യ പാചകവാതക വില കുത്തനെ ഉയര്‍ത്തിയതിനെതിരേ സംസ്ഥാനത്ത് നാളെ ഹോട്ടല്‍റസ്‌റ്റോറന്റ് മേഖല 24 മണിക്കൂര്‍ അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് സമരം. 

ഹോട്ടല്‍, റസ്‌റ്റോറന്റ്, ബേക്കറി, ക്യാന്റീന്‍ എന്നിവയ്‌ക്കൊപ്പം ഓണ്‍ലൈന്‍ ഭക്ഷ്യവിതരണവും നിര്‍ത്തിവയ്ക്കും. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറിന് 993 രൂപ വര്‍ധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ സിലിണ്ടര്‍ വില 3,000 രൂപ കവിഞ്ഞിരിക്കുകയാണ്. 

പുതിയ നിരക്കുകള്‍ പ്രകാരം കൊച്ചിയില്‍ 3,085 രൂപ, തിരുവനന്തപുരത്ത് 3,106 രൂപ, കോഴിക്കോട് 3,117.5 രൂപയായി.

വിലക്കയറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണകളും സംഘടിപ്പിക്കും. എറണാകുളം പനമ്പിള്ളി നഗറിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ സമരം സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ഉദ്ഘാടനം ചെയ്യും. വ്യാപാര മേഖലയിലെ വിവിധ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 പാചകവാതക വില കുറച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കേണ്ടിവരുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}