തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ കണ്ണിന്റെ മർദം പരിശോധിക്കുന്നതിനായുള്ള അത്യാധുനിക ഉപകരണം സ്ഥാപിച്ചു. രോഗിയുടെ കണ്ണിൽ സ്‌പർശിക്കാതെയാണ് ഈ ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തുന്നത്. നിലവിൽ ഉപയോഗിച്ചുവരുന്ന പഴയ രീതിയിലുള്ള പരിശോധനയിൽ കണ്ണിൽ സ്പർശിച്ചാണ് മർദം പരിശോധിച്ചിരുന്നത്. പുതിയ സംവിധാനത്തിലൂടെ രോഗിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ കൃത്യമായി പരിശോധന നടത്താൻ സാധിക്കും.
കണ്ണിന്റെ മർദം കൃത്യമായി അളക്കാൻ കഴിയുന്നതിനാൽ ഗ്ലോക്കോമ എന്ന നേത്രരോഗം തുടക്കത്തിൽ തന്നെ കണ്ടെത്താൻ ഇത് സഹായിക്കും. തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാതെ ക്രമേണ കാഴ്ച നഷ്ടപ്പെടുത്തുന്ന രോഗമായതിനാൽ ഗ്ലോക്കോമയെ “കാഴ്‌ചയുടെ നിശബ്ദ കൊലയാളി” എന്നും വിളിക്കാറുണ്ട്.
സമയബന്ധിതമായ പരിശോധനയും ചികിത്സയും ലഭിച്ചാൽ കാഴ്‌ച സംരക്ഷിക്കാൻ സാധിക്കും.
സംസ്ഥാനത്ത് ആദ്യഘട്ടമായി തെരഞ്ഞെടുത്ത ഒമ്പത് ആശുപത്രികളിലൊന്നായാണ് ഈ ഉപകരണം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഉപകരണം വാങ്ങിയത്. ഇതിനായി 9,76,460 രൂപ ചെലവഴിച്ചു.
സാധാരണക്കാരായ രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ അത്യാധുനിക നേത്ര പരിശോധനാ സേവനം ലഭ്യമാകുന്നതിലൂടെ ആരോഗ്യരംഗത്ത് വലിയ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കണ്ണിന്റെ കാഴ്ച സംരക്ഷിക്കുന്നതിനായി എല്ലാവരും ഈ പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
ഉപകരണത്തിന്റെ സമർപ്പണം നഗരസഭചെയർപേഴ്സൺ സി.പി ഹബീബ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ എം അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ സി.പി സുഹ്റാബി, ഇഖ്ബാൽ കല്ലുങ്ങൽ, ഷാഹിന തിരുനിലത്ത്, റിഫ ഫത്താഹ്, അയ്യൂബ് തലാപ്പിൽ, ആശുപത്രി സുപ്രണ്ട് ഡോ. വി വിനോദ്, ആർ.എം.ഒ ഡോ. ഹഫീസ് റഹ്മാൻ, ഡോ. സൗദ, സമീർ, നെഴ്‌സിംഗ് സുപ്രണ്ട് ബിന്ദു, സാദിഖ് ഒള്ളക്കൻ, ശിംന, ശ്രീകല എന്നിവർ സംബന്ധിച്ചു.