മൂന്നിയൂർ: മൂന്നിയൂർ എ.എം. യു.പി. സ്‌കൂൾ കുന്നത്തുപറമ്പിൽ സംഘടിപ്പിച്ച അവധിക്കാല സ്‌പോർട്‌സ് പരിശീലന ക്യാമ്പ് സമാപിച്ചു. 22 മുതൽ 29 വരെ നടന്ന ക്യാമ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്‌ബോൾ പരിശീലനവും തയ്‌ക്വാൻണ്ടോ പരിശീലനവും സൗജന്യമായി നൽകി.
ഫുട്‌ബോൾ പരിശീലനം സ്‌കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ സനു രാജ് നയിച്ചു. തയ്‌ക്വാൻണ്ടോ പരിശീലനം നാസർ, മിഥുൻ എന്നിവർ നിർവഹിച്ചു. വൈകുന്നേരം നാലുമുതൽ 5.30 വരെ നടന്ന ക്യാമ്പിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
മുൻവർഷങ്ങളിലും സമാനമായ ക്യാമ്പുകൾ സംഘടിപ്പിച്ചതിന്റെ ഫലമായി തയ്‌ക്വാൻണ്ടോ, ഫുട്‌ബോൾ തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർഥികൾ നിരവധി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനം സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് പി.കെ. ഹഫ്സത് നിർവഹിച്ചു.
പ്രഥമാധ്യാപകൻ പ്രശാന്ത് കെ.പി. അധ്യക്ഷനായി. അധ്യാപകരായ ഗിരീഷ്, ഹുസ്സൈൻകുട്ടി, നഫ്ജാൻ, ജസീൽ, ആദർശ് എന്നിവർ സംസാരിച്ചു. ക്യാന്പിന്റെ രണ്ടാംഘട്ടമായി ത്രോബോളും കൊക്കോയും മേയ് രണ്ടാംവാരം ആരംഭിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു