പള്ളിക്കൽ ബസാർ: വീടിന്റെ ടെറസ് വൃത്തിയാക്കികൊണ്ടിരിക്കേ അപ്രതീക്ഷിതമായി എത്തിയ അപകടത്തിൽ പതറാതെ സ്വന്തം സഹോദരങ്ങൾക്കും കൂട്ടുകാരിക്കും രക്ഷകയായി മാറിയിരിക്കുകയാണ് പള്ളിക്കൽ എ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ റിയ.
പള്ളിക്കൽ ബസാർ ഓട്ടുപാറ മുളിയോളി അബ്ദുൽ സമീർ - മുർഷിദ ദമ്പതികളുടെ മകളായ ഫാത്തിമ റിയ, പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന വിദ്യാർത്ഥിനിയാണ്.
സന്ദർഭോചിതമായി പ്രവർത്തിച്ച് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഈ മിടുക്കി നടത്തിയ ഇടപെടൽ മൂന്ന് കുരുന്നുകളെയാണ് മരണവക്കിൽ നിന്ന് തിരികെ കൊണ്ടുവന്നത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. തറവാട് വീടിന്റെ ഷീറ്റ് ഇട്ട ടെറസ് വൃത്തിയാക്കാൻ കയറിയതായിരുന്നു ഫാത്തിമ റിയയും, സഹോദരങ്ങളായ മുഹമ്മദ് റയ്യാനും, ഫാത്തിമ റിഫയും, ബന്ധുവായ ഹിസാ മെഹറിനും. വീടിന് മുകളിലൂടെകടന്നുപോകുന്ന വൈദ്യുത ലൈനിൽ അബദ്ധത്തിൽ ഫാത്തിമ റിഫ തൊടുകയും ഷോക്കേറ്റ് തെറിച്ചു വീഴുകയും ചെയ്തു.
രക്ഷിക്കാൻ ശ്രമിച്ച മറ്റു മൂന്ന്പേർക്കും വൈദ്യുതാഘാതമേറ്റെങ്കിലും, ഉടൻ തന്നെ മനസാന്നിധ്യം വീണ്ടെടുത്ത ഫത്തിമ റിയ കൈ പിൻവലിച്ചു. തുടർന്ന് കൈവശമുണ്ടായിരുന്ന ചൂല് ഉപയോഗിച്ച് അനിയൻ റയ്യാനെ തട്ടിമാറ്റി. പിന്നീട് ഉണങ്ങിയ വടി ഉപയോഗിച്ച് റിഫയെ വൈദ്യുത കമ്പിയിൽ നിന്ന് വേർപെടുത്തുകയും ചെയ്തു. ബോധരഹിതയായ റിഫയെ ഓട്ടോഡ്രൈവറായ പെരിഞ്ചീരി സുബൈർ എത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഇയാളും ഇവിടെ അവസരോചിതമായി ഇടപെട്ടു.
നാടിനും സ്കൂളിനും അഭിമാനമായ ഈ കൊച്ചു മിടുക്കിയെ അധ്യാപകരും സഹാപാഠികളും ചേർന്ന് അഭിനന്ദിച്ചു. സന്ദർഭോചിതമായി പ്രവർത്തിച്ച ഫാത്തിമ റിയയുടെ ധീരത ഇന്ന് സമൂഹത്തിന് വലിയൊരു മാതൃകയാണ്. മഴക്കുമുന്നേ വീടിന്റെ തറസ് വൃത്തിയാക്കവേയാണ് അപകടം നടന്നത്.