കോട്ടക്കൽ: ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിനെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്.
40 ഗ്രാം എം.ഡി.എം.എ-യുമായി കരിപ്പൂരിൽ പിടിയിലായ ലഹരിക്കടത്ത് പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെയും കൊണ്ടോട്ടി എ.എസ്.പിയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ അച്ചടക്ക നടപടി.
ഇയാൾക്കെതിരെ വകുപ്പുതലത്തിൽ കൂടുതൽ തുടർനടപടികളുണ്ടാകുമെന്ന് മലപ്പുറം എസ്.പി അറിയിച്ചു. ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരിൽ കരിപ്പൂർ സ്റ്റേഷനിലെ സി.പി.ഒ ധനേഷിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.