വേങ്ങര: ജപ്പാൻ മസ്തിഷ്ക ജ്വരം പകരുന്നതിനു കാരണക്കാരായ കൊതുകുകളെ കണ്ടെത്തിയ കണ്ണമംഗലം തോട്ടശ്ശേരിയറ അങ്ങാടിക്കു സമീപമുള്ള കുളം ശുചീകരണ ശ്രമം വീണ്ടും അനിശ്ചിതത്വത്തിൽ. കുളം സംബന്ധിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൽ ഇരു വിഭാഗത്തെയും കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സമീറയുടെ നേതൃത്വത്തിൽ ചർച്ചക്ക് വിളിച്ചെങ്കിലും ഒരു വിഭാഗം ചർച്ചയിൽ നിന്ന് വിട്ടു നിന്നു.
ശുചീകരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ തർക്കം ഉന്നയിച്ച ഒരു വിഭാഗം പങ്കെടുക്കാത്തതിനാൽ തീരുമാനം എടുക്കാതെ പിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ ആവശ്യാർത്ഥം കണ്ണമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ വീണ്ടും വിളിച്ചു ചേർത്ത യോഗത്തിലും ഈ വിഭാഗം പങ്കെടുക്കുകയുണ്ടായില്ല.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത് അധ്യക്ഷനായി. ഡെപ്യൂട്ടി ഡി. എം. ഒ ഡോ. ഷിബിൻ വിശദീകരണം നടത്തി. ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് കെ. ദേവദാസ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീന അനൂപ് , നെടുമ്പള്ളി സെയ്തു , റൂഫിയചോല , മെഡിക്കൽ ഓഫീസർ ഡോക്ടർ കെ നിയാസ് , പഞ്ചായത്ത് സെക്രട്ടറി വിവേക് രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ എം. എൻ രജിത് കുമാർ എന്നിവർ സംസാരിച്ചു.
ഒരു വിഭാഗം ചർച്ചക്ക് വരാത്ത സാഹചര്യത്തിൽ കൂടിയാലോചനകൾ തുടരാനും, തീരുമാനം ആയില്ലെങ്കിൽ ജില്ലാ കളക്ടർക്ക് സ്ഥിതി ഗതികൾ റിപ്പോർട്ട് ചെയ്യാനും യോഗം തീരുമാനിച്ചു.