അപകടത്തിന് പിന്നാലെ പാഞ്ഞെത്തി ക്രൂരമർദ്ദനം; ബസ് ഡ്രൈവറെ മർദ്ദിച്ച കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിലെ ചെട്ടിയാർമാട് സർവീസ് റോഡിലുണ്ടായ ബസ് അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. കോഴിക്കോട്-വേങ്ങര റൂട്ടിലോടുന്ന "നിനു സ്റ്റാർ" ബസ്സിലെ ഡ്രൈവറും കിളിനക്കോട് സ്വദേശിയുമായ റിയാസ് (37) നൽകിയ പരാതിയിലാണ് പോലീസ് നടപടി.

കഴിഞ്ഞദിവസം അപകടകാരമാം വിധം അമിത വേഗതയിൽ വന്ന ബസ്സും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം താമസിക്കുന്ന നന്തട്ടു വീട്ടിൽ അശ്വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാരും വഴിയാത്രക്കാരിൽ ചിലരും ചേർന്ന് ബസ് ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

അപകടത്തിൽ പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടം മർദ്ദിക്കുമെന്ന് കണ്ട് ഡ്രൈവർ റിയാസ് മറ്റൊരു ബസ്സിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പിറകെ പിന്തുടർന്നെത്തിയ സംഘം ഇദ്ദേഹത്തെ ബസ്സിൽ നിന്നും ബലമായി പിടിച്ചിറക്കി പരസ്യമായി മർദ്ദിക്കുകയായിരുന്നു. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ റിയാസിനെ പിന്നീട് പോലീസെത്തിയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആൾക്കൂട്ട മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് ബസ് ജീവനക്കാർ പോലീസിനെ സമീപിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}