മഞ്ചേരി: താനൂരിലെ പിവിഎസ് തിയേറ്ററിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ പ്രതിയായ തീയറ്റർ മാനേജർ അനൂപിന് മഞ്ചേരി അഡ്ഹോക്ക് സ്പെഷ്യൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബേപ്പൂർ സ്വദേശിയായ വൈശാഖിനെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജ് എ.വി. ടെല്ലസ് ആണ് വിധി പ്രഖ്യാപിച്ചത്.
ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും പുറമെ, തെളിവ് നശിപ്പിച്ചതിന് ഒരു വർഷം തടവും 1000 രൂപ പിഴയും, മർദ്ദനത്തിന് മൂന്ന് മാസം തടവും 500 രൂപ പിഴയും പ്രതി അനുഭവിക്കണം.
2020 ഒക്ടോബർ 1-നാണ് കേസിനാസ്പദമായ സംഭവം. താനൂരിൽ ആശാരിപ്പണിക്കായി എത്തിയതായിരുന്നു ബേപ്പൂർ സ്വദേശി പറമ്പത്ത് വൈശാഖ് (27). തിയേറ്ററിൽ 13 വർഷമായി ജോലി ചെയ്യുന്ന അനൂപിന്, കേവലം ഒരു വർഷം മുമ്പ് അവിടെയെത്തിയ വൈശാഖിന് ലഭിച്ച സ്വീകാര്യതയിൽ കടുത്ത അസൂയ ഉണ്ടായിരുന്നു. കൂടാതെ, അനൂപിന്റെ അമിതമായ മദ്യപാന ശീലത്തെക്കുറിച്ച് വൈശാഖ് തിയേറ്റർ ഉടമയെ അറിയിക്കുമെന്ന് പ്രതി ഭയപ്പെട്ടിരുന്നതായും പോലീസ് പറയുന്നു.
സിനിമയെ വെല്ലുന്ന രീതിയിലുള്ള ആസൂത്രണമാണ് കൊലപാതകത്തിനായി അനൂപ് നടത്തിയത്. പിടിക്കപ്പെടാതിരിക്കാൻ തന്റെ മൊബൈൽ ഫോൺ മറ്റൊരു കാറിൽ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ കൃത്യത്തിനായി എത്തിയത്. രാത്രി പത്തരയോടെ തിയേറ്റർ പരിസരത്ത് വെച്ച് വൈശാഖുമായി സംസാരിക്കുന്നതിനിടയിൽ പ്രതി ഇയാളെ അടിച്ചു വീഴ്ത്തി. തുടർന്ന് കഴുത്തിൽ മുട്ടുകാൽ കയറ്റി വെച്ച് ശരീരഭാരം മുഴുവൻ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയ ശേഷം, തെളിവ് നശിപ്പിക്കുന്നതിനായി തന്റെ ചെരുപ്പ് ഒളിപ്പിച്ചു വെക്കുകയും, മുങ്ങിമരണമാണെന്ന് വരുത്തിത്തീർക്കാൻ അർദ്ധരാത്രിയോടെ മൃതദേഹം സമീപത്തെ കുളത്തിൽ തള്ളുകയും ചെയ്തു.
പിറ്റേദിവസം രാവിലെ വൈശാഖിനെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചതും തിരച്ചിലിന് നേതൃത്വം നൽകിയതും അനൂപ് തന്നെയായിരുന്നു. വൈശാഖിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ട് താൻ നിരപരാധിയാണെന്ന് വരുത്താൻ ഇയാൾ ശ്രമിച്ചു.
ആദ്യം സാധാരണ മുങ്ങിമരണമെന്ന് കരുതിയ കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് വഴിത്തിരിവായത്. വൈശാഖിന്റെ ശരീരത്തിലെ പരിക്കുകൾ കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് കണ്ടതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളും നാട്ടുകാരുടെ മൊഴികളും നിർണ്ണായകമായി.
നിലവിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പിയായ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. താനൂരിൽ സിഐ ആയിരിക്കുമ്പോഴാണ് കേസന്വേഷണം നടത്തിയത്. എസ്ഐമാരായ വാരിജാക്ഷന്‍, സലേഷ്, രാജു, എഎസ്ഐമാരായ നവീൻ, കെ സലേഷ്, ബോട്ടപകടത്തിൽ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ എം പി സബറുദ്ദീൻ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി കെ.പി. ഷാജു ഹാജരായി. കേസിൽ 43 സാക്ഷികളെ വിസ്തരിക്കുകയും 16 ഓളം തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.