വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്സ്.എസ്സിലെ 'സമൃദ്ധി' കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴക്കൃഷിക്ക് തുടക്കമായി. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ വേങ്ങര പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ മുഹ്സിന മുനീർ വാഴ നട്ടു ഉദ്ഘാടനം നിർവഹിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി ജൈവ പച്ചക്കറി കൃഷി വിജയകരമായി നടത്തിവരുന്ന 'സമൃദ്ധി' ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണ വാഴക്കൃഷി കൂടി ആരംഭിച്ചത്. സ്കൂളിലെ ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലെ വിദ്യാർത്ഥികളാണ് കൃഷിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഉദ്ഘാടന ചടങ്ങിൽ പ്രധാന അധ്യാപിക എസ്. ഗീത അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് അസീസ്, മാനേജ്മെന്റ് ട്രസ്റ്റ് മെമ്പർ കെ.പി. മൊയ്തീൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. കെ.കെ. സുഹറ, കെ.എച്ച്. ഷീജു, സുരേഖ, ദിവ്യശ്രീ, അബ്ദുൾ റസാഖ്, കെ.പി. ജസീം, പി. രാജൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.