കോട്ടക്കൽ: എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള 2025-26 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് കോട്ടക്കൽ ഗവൺമെൻ്റ് രാജാസ് ഹയർ സെക്കൻ്ററി സ്‌കൂൾ. പരീക്ഷയെഴുതിയ 38 വിദ്യാർത്ഥികളും ക്വാളിഫൈ ചെയ്തു എന്ന അപൂർവ്വ നേട്ടവും സ്കൂൾ സ്വന്തമാക്കി.
സ്കൂളിലെ വിദ്യാർത്ഥികളായ ഫാത്തിമ നജ്‌വാൻ പി., ഗ്രീഷ്മ ഇ., ലിഷ്ന പ്രിയ പി.ടി. എന്നിവരാണ് ഉന്നത വിജയം കരസ്ഥമാക്കി 48,000 രൂപയുടെ സ്കോളർഷിപ്പിന് അർഹരായത്.
വിജയികളെ അനുമോദിക്കുന്നതിനായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബബിത പി.ജെ അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ. വിജയകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ടി.വി സജിൽ കുമാർ, പി. ഗിരീഷ്, പി.പി മുഹമ്മദ് മുസ്തഫ, ഷീബ, രമ്യ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വിജയികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി മധുരം വിതരണം ചെയ്ത് സ്കൂൾ അധികൃതർ വിജയാഘോഷം പങ്കിട്ടു. മികച്ച പരിശീലനവും വിദ്യാർത്ഥികളുടെ കഠിനാധ്വാനവുമാണ് ഇത്തരമൊരു വലിയ വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.