വേങ്ങര: ഭിന്നശേഷിക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വേങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക 'ഭിന്നശേഷി ക്ഷേമ കാൾ സെന്റർ' ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിലെ വാർഡ് മെമ്പർമാർ, അങ്കണവാടി ടീച്ചർമാർ, ആശ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്തുതലത്തിൽ ഭിന്നശേഷിക്കാരുടെ കൃത്യമായ കണക്കെടുപ്പ് പൂർത്തിയാക്കിയിരുന്നു.
ഇത്തരത്തിൽ തയ്യാറാക്കിയ പട്ടികയിലുള്ള മുഴുവൻ ഭിന്നശേഷിക്കാരെയും കാൾ സെന്റർ വഴി നേരിട്ട് വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അവർക്ക് ആവശ്യമായ പിന്തുണയും മാനസിക ആത്മവിശ്വാസവും നൽകുന്നതോടൊപ്പം ഭിന്നശേഷി വിഭാഗത്തിന് പഞ്ചായത്തിനോട് മുന്നോട്ടുവെക്കാനുള്ള നിർദേശങ്ങളും ആവശ്യങ്ങളും പരാതികളും കാൾ സെന്റർ വഴി പ്രത്യേകം രേഖപ്പെടുത്തും. തുടർന്ന് ഇവ പരിഹരിക്കാനാവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ ഭിന്നശേഷിക്കാരെ നേരിട്ട് ഫോണിൽ വിളിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി അബ്ദുൽ നാസർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ചന്ദ്രൻ മോഹനൻ, ഹനീഫ കെ, ഷകീന ശംസു, പഞ്ചായത്ത് സൂപ്രണ്ട് ബീന എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
പുതുപ്പറമ്പ് ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥികളായ അർച്ചന കെ, ജുമാന ഹസീൻ, ഫാത്തിമ ഹംന, പ്രിൻസി ടി എന്നിവരാണ് കാൾ സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത്.