മലപ്പുറം: ബാലസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളുടെ അവധിക്കാലം വിജ്ഞാനപ്രദവും സന്തോഷപൂർണവുമാക്കാൻ മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ആവിഷ്കരിച്ച 'വേനൽ മഴ' അവധിക്കാല പദ്ധതി ശ്രദ്ധേയമാകുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ (DCPU) സഹകരണത്തോടെ നടപ്പിലാക്കിയ ഈ പദ്ധതി, കുട്ടികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കി സമഗ്ര വികസനം ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തത്.
ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ്. ഉദ്ഘാടനം നിർവഹിച്ച പദ്ധതിയിലൂടെ കുട്ടികളുടെ മാനസികാരോഗ്യം, സൃഷ്ടിപരമായ കഴിവുകൾ, ആത്മവിശ്വാസം, സാമൂഹിക ഇടപെടൽ ശേഷി, ജീവിത നൈപുണി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഒട്ടനവധി പരിപാടികൾ സംഘടിപ്പിച്ചു.
വിജ്ഞാനവും വിനോദവും കൈകോർത്ത്
ബ്രെയിൻ ജിം, നാടക ക്യാമ്പ്, സിനിമ പ്രദർശനങ്ങൾ, ലൈഫ് സ്കിൽ എജുക്കേഷൻ ക്ലാസുകൾ, ആപ്റ്റിട്യൂഡ് ടെസ്റ്റ്, മാജിക് ആൻഡ് മെന്റലിസം ഷോകൾ, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടന്നു. ഇതിനുപുറമെ, ഊട്ടി അടക്കമുള്ള വിനോദയാത്രകളും, കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് “Soil to Soul” എന്ന പേരിൽ കാർഷിക പരിശീലനവും സംഘടിപ്പിച്ചു. പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സ്വന്തമായി കൃഷി ചെയ്യുന്നതിനായി കാർഷിക കിറ്റുകളും വിതരണം ചെയ്തു.
നീന്തൽ പരിശീലനം, ജലസുരക്ഷാ ബോധവൽക്കരണം, ദന്ത സംരക്ഷണ ക്ലാസുകൾ, ആർട്ട് & ക്രാഫ്റ്റ് പരിശീലനം, മെഹന്തി ഫെസ്റ്റ് തുടങ്ങി കുട്ടികളുടെ താല്പര്യങ്ങൾക്കനുസൃതമായ വൈവിധ്യമാർന്ന പരിപാടികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി സംവദിക്കാൻ ലഭിച്ച അവസരം കുട്ടികൾക്ക് ഭാവി ജീവിതത്തെക്കുറിച്ച് വലിയ ദിശാബോധം നൽകി.
സമാപനവും 'മഴവില്ലും'
പദ്ധതിയുടെ ഭാഗമായി നടന്ന വിവിധ പരിപാടികൾ ഏകോപിപ്പിച്ചും പങ്കെടുത്തവരെ ആദരിച്ചും രണ്ടത്താണി ശാന്തി ഭവനിൽ വെച്ച് “മഴവില്ല്” എന്ന പേരിൽ ഒത്തുചേരൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡബ്ല്യു.സി. ചെയർപേഴ്സൺ അരീക്കാടൻ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം, പദ്ധതിയുമായി സഹകരിച്ചവരെ ആദരിക്കുകയും വിവിധ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്തു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി സ്വാഗതവും, ശാന്തി ഭവനം ജനറൽ സെക്രട്ടറി എം. അബ്ദുൽ നാസർ നന്ദിയും പറഞ്ഞു. വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികളും, ഉദ്യോഗസ്ഥരും, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കുട്ടികളുടെ അവധിക്കാലത്തെ വെറും സമയനിരപ്പാക്കലായി കാണാതെ, അവരുടെ മാനസിക വളർച്ചയെയും സ്വപ്നങ്ങളെയും ശക്തിപ്പെടുത്തുന്ന ഇത്തരം സമഗ്ര മാതൃക രാജ്യത്തിന് തന്നെ മലപ്പുറത്തിന്റെ മികച്ച സംഭാവനയാണെന്ന് വിലയിരുത്തപ്പെടുന്നു.