മലപ്പുറം: 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ആവേശമുയർത്തിയും കേരള സർക്കാർ നടപ്പിലാക്കുന്ന 'വൺ മില്യൺ തൂഫാൻ ഗോൾ' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജി.എം.എൽ.പി. സ്കൂൾ ഊരകം കീഴ്മുറി നെല്ലിപ്പറമ്പിൽ 'പന്താരവം 2026' സംഘടിപ്പിച്ചു. ഫുട്ബോൾ മത്സരങ്ങളും പെനാൽറ്റി ഷൂട്ടൗട്ടും ഉൾപ്പെടെയുള്ള മത്സരങ്ങൾ ആവേശകരമായി നടന്നു.
പ്രമുഖ ഫുട്ബോൾ താരങ്ങളായ അമൻ ഷഹബാസ്, നിഹാൽ എന്നിവർ ചേർന്ന് ടൂർണമെന്റിന്റെ കിക്കോഫ് നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് രാഗിണി കൈനിക്കര അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഊരകം, സക്കരിയ യു.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഫുട്ബോൾ ആവേശം നിലനിർത്താനാവശ്യമായ കൂടുതൽ പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.